
ദുബായ്: ഹോങ്കോംഗിനെതിരേ കൂറ്റന്വിജയം നേടിയ ഇന്ത്യ ഏഷ്യക്കപ്പ് ടി20യില് അനായാസം സെമിയില് കടന്നു. മത്സരത്തില് സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെ കരുത്തിലായിരുന്നു ഇന്ത്യന് വിജയം. 64 പന്തില് 124 റണ്സ് എടുത്ത താരം അടിച്ചുതകര്ത്തു. ഏഴു സിക്സറുകളും 14 ബൗണ്ടറികളുമായി സെഞ്ച്വറി നേട്ടമുണ്ടാക്കിയ താരം എല്ലാ ഫോര്മാറ്റുകളിലുമായി ഏറ്റവും കൂടുതല് റണ്സ്, ഏറ്റവും കൂടുതല് സെഞ്ച്വറികള് എന്നിവയെല്ലാം താരം പേരിലേക്ക് മാറ്റി.
എല്ലാ ഫോര്മാറ്റുകളിലുമായി മന്ഥാനയ്ക്ക് റണ്സ് 10,880 ആയി. ഈ റണ്സ് നേട്ടം വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില് എക്കാലത്തെയും ഉയര്ന്ന റെക്കോര്ഡാണ്. ഇന്ത്യയുടെ മുന് നായിക മിഥാലി രാജിന്റെ 10,868 റണ്സ് എന്ന റെക്കോര്ഡാണ് താരം മറികടന്നത്. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില് ഏറ്റവും കൂടുതല് സെഞ്ചുറികള് നേടിയ താരമെന്ന റെക്കോര്ഡും മന്ഥാന സ്വന്തമാക്കി. 18 സെഞ്ചുറികള് നേടിയതാരം മെഗ് ലാനിംഗ്, ലോറ വോള്വാര്ട്ട് എന്നിവരുടെ റെക്കോര്ഡാണ് ഭേദിച്ചത്. ഇരുവര്ക്കും 17 വീതം സെഞ്ച്വറികളാണ് ഉള്ളത്.
ഹോങ്കോംഗിനെതിരേ 124 റണ്സ് നേടിയ താരം ടി20യില് ഇന്ത്യക്കായി ഒരു വനിതാ താരം നേടുന്ന ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോറും കുറിച്ചു. കഴിഞ്ഞ വര്ഷം ട്രെന്റ് ബ്രിഡ്ജില് നേടിയ 112 റണ്സിന്റെ സ്വന്തം റെക്കോര്ഡാണ് താരം തിരുത്തിയത്. ടി20യില് ഇന്ത്യക്കായി ഏറ്റവും കൂടുതല് സിക്സറുകള് പറത്തിയ വനിതാതാരവും സ്മൃതിയാണ്. താരത്തിന്റെ സിക്സറുകളുടെ എണ്ണം 95 ആയി. നാല് വ്യത്യസ്ത കലണ്ടര് വര്ഷങ്ങളില് ടി20യില് 500-ലധികം റണ്സ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്ററായും മന്ഥാന മാറി. 2018, 2022, 2024, 2026 വര്ഷങ്ങളില് ആയിരുന്നു നേട്ടം. കഴിഞ്ഞ രണ്ടുവര്ഷമായി ഉജ്വലഫോമിലാണ്.
ഹോങ്കോങ്ങിനെതിരായ മത്സരത്തില് അനായാസം ജയിച്ചുകയറിയ ഇന്ത്യ സെമിയില് കടന്നുു. 137 റണ്സിന്റെ കൂറ്റന് വിജയമാണ് സ്വന്തമാക്കി യത്. വനിതാ ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിജയവും ഉയര്ന്ന സ്കോറുമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില് 20 ഓവറില് 193 റണ്സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗ് വെറും 56 റണ്സിന് പുറത്തായി.
ഓപ്പണര്മാരായ സ്മൃതി മന്ദാനയും ഷെഫാലി വര്മ്മയും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്കിയത്. 17 പന്തില് ഷെഫാലി 28 റണ്സ് എടുത്തു. മൂന്ന് ബൗണ്ടറിയും രണ്ടു സിക്സറും പറത്തി. പ്രതികാ റാവല് (പത്ത്) റിച്ചാഘോഷ് (11), ഹര്മ്മന്പ്രീത് (10), ഭാരതി ഫുള്മാലി (രണ്ട്) ദീപ്തിശര്മ്മ (ഒന്ന്) എന്നിങ്ങനെയായിരുന്നു ഇന്ത്യന് ബാറ്റര്മാരുടെ സ്കോറുകള്.
മറുപടി ബാറ്റിംഗില് ഇന്ത്യന് ബൗളര്മാര്ക്ക് മുന്നില് ഹോങ്കോംഗിന് പിടിച്ചു നില്ക്കാ നായില്ല. 15 റണ്സ് എടുത്ത നായിക നടാഷാ മൈല്സ്, 14 റണ്സ് എടുത്ത മരീനാ ലാംപ്ളോ, 11 റണ്സ് എടുത്ത യാസ്മിന് ദാസ്വാനി എന്നിവര് ഒഴിച്ചാല് ആര്ക്കും രണ്ടക്കം പോലും കാണാനായില്ല. ഇന്ത്യന് ബൗളര്മാരായ ദീപ്തി മൂന്ന് വിക്കറ്റും നന്ദിനിശര്മ്മ, ശ്രീചരണി, പ്രേമാ റാവത്ത് എന്നിവര് രണ്ടുവിക്കറ്റുകള് വീതവും നേടി.







Comments