
തന്റെ ജീവനക്കാർ താനറിയാതെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയെന്ന് അറിഞ്ഞാൽ ഒരു സ്ഥാപകൻ ആദ്യം എന്തായിരിക്കും കരുതുക? പൂനെ സ്വദേശിയായ സംരംഭകൻ സാക്ഷം ഗൗറിനും ആദ്യം തോന്നിയത് ഓഫീസിലെ തന്റെ പേരിലുള്ള ചർച്ചകളായിരിക്കുമെന്നാണ്. എന്നാൽ ഗ്രൂപ്പിനുള്ളിലെ കാര്യങ്ങൾ അറിഞ്ഞതോടെ ആശങ്ക മാറി സന്തോഷമായി. അനുഭവം അദ്ദേഹം ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി.
“എന്റെ മുഴുവൻ ടീമും എനിക്കെതിരെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നു” എന്നറിഞ്ഞപ്പോൾ ആദ്യം താൻ പരിഭ്രാന്തനായെന്ന് സാക്ഷം പറഞ്ഞു. ഗ്രൂപ്പ് തനിക്കെതിരെയുള്ളതാണെന്നും അവിടെ ഓഫീസ് ഗോസിപ്പുകളായിരിക്കുമെന്നും അദ്ദേഹം കരുതി. എന്നാൽ യാഥാർഥ്യം മറ്റൊന്നായിരുന്നു. താനില്ലാതെയും ജോലികൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനാണ് ജീവനക്കാർ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത്.
ചെയ്യേണ്ട കാര്യങ്ങൾ, പൂർത്തിയായ ജോലികൾ, പരിഹരിക്കേണ്ട പ്രശ്നങ്ങൾ എന്നിവയെല്ലാം ജീവനക്കാർ ആദ്യം ഗ്രൂപ്പിൽ ചർച്ച ചെയ്യും. തന്റെ ഇടപെടൽ ആവശ്യമില്ലാത്ത കാര്യങ്ങൾ അവർ തമ്മിൽ തന്നെ പരിഹരിക്കുകയും ചെയ്യും. ഇതോടെയാണ് ഒരു സ്ഥാപകൻ എല്ലാ ചെറിയ കാര്യങ്ങളും നേരിട്ട് നിയന്ത്രിക്കേണ്ടതില്ലെന്ന് സാക്ഷം തിരിച്ചറിഞ്ഞത്. മികച്ച ആളുകളെ ടീമിലെത്തിച്ച് അവർക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള അവസരം നൽകുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ആവശ്യമില്ലാത്ത തരത്തിൽ ഒരു ടീം പ്രവർത്തിക്കുന്നത് യഥാർഥത്തിൽ നല്ല നേതൃത്വത്തിന്റെ അടയാളമാണെന്ന തിരിച്ചറിവിലേക്കാണ് ഈ സംഭവം തന്നെ എത്തിച്ചതെന്ന് സാക്ഷം വ്യക്തമാക്കി. ബിസിനസിന്റെ ഓരോ ചെറിയ കാര്യത്തിലും ഇടപെടുന്നതിന് പകരം കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാരുടെ സ്വാതന്ത്ര്യം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനുഭവം പങ്കുവെച്ചതോടെ നിരവധി പേരാണ് സാക്ഷത്തിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തിയത്.







Comments