
ജന്മാഷ്ടമി ദിനത്തിൽ തന്റെ 'രാധ രാസ് ബിഹാരി' എന്ന നൃത്ത നാടകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച് ബോളിവുഡ് നടിയും ക്ലാസിക്കല് നര്ത്തകിയുമായ ഹേമമാലിനി. രാധാകൃഷ്ണന്മാരുടെ ദിവ്യപ്രണയത്തെ ആസ്പദമാക്കി ഒരുക്കിയ ഈ നൃത്ത നാടകം ഇന്ത്യൻ ക്ലാസിക്കൽ നൃത്ത പാരമ്പര്യത്തെയും പരമ്പരാഗത വേഷവിധാനങ്ങളെയും വിളിച്ചോതുന്നതാണ്.
വീഡിയോയിൽ രാധയുടെ വേഷത്തിൽ മനോഹരമായ ചുവടുകളുമായി വേദിയിലെത്തുന്ന ഹേമമാലിനിക്കൊപ്പം ഒരു സംഘം നർത്തകരും കൃഷ്ണന്റെ വേഷം ധരിച്ച മറ്റൊരു കലാകാരനും അണിനിരന്നിട്ടുണ്ട്. ഈ വിശേഷ ദിവസത്തിൽ ഏവർക്കും സമാധാനവും സന്തോഷവും സമൃദ്ധിയും ആശംസിച്ചുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
"ജന്മാഷ്ടമിയുടെ ഈ വിശേഷ അവസരത്തിൽ, എന്റെ നൃത്ത നാടകമായ 'രാധ രാസ് ബിഹാരി'യിലെ ഒരു ക്ലിപ്പ് പങ്കുവെക്കുന്നു. ഈ ജന്മാഷ്ടമി എല്ലാവരിലും സമാധാനവും സന്തോഷവും സമൃദ്ധിയും വർഷിക്കട്ടെ. രാധേ രാധേ... ജയ് ശ്രീ കൃഷ്ണ!" എന്നായിരുന്നു വീഡിയോയ്ക്കൊപ്പം ഹേമമാലിനി കുറിച്ചത്.
1968-ൽ 'സപ്നോ കാ സൗദാഗര്' എന്ന ചിത്രത്തിലൂടെയായിരുന്നു ഹേമമാലിനിയുടെ ബോളിവുഡിലേക്കുളള അരങ്ങേറ്റം. പിന്നീട് 'ഷോലെ', 'സീത ഔര് ഗീത', 'ജോണി മേരാ നാം', 'ബാഗ്ബാന്' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഇന്ത്യന് സിനിമയിലെ മുന്നിര നായികയായി താരം തിളങ്ങുകയും ചെയ്തു.ബോളിവുഡ് താരം ധർമ്മേന്ദ്രയാണ് ഹേമമാലിനിയുടെ ഭര്ത്താവ്. 1980 മെയ് 2-നാണ് ഇവര് വിവാഹിതരായത്. ഈ ദമ്പതികൾക്ക് ഇഷ ഡിയോള്, അഹാന ഡിയോള് എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്.







Comments