
ന്യൂഡൽഹി: റഷ്യയിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന എംവി ബാരിയോൺ എന്ന കാർഗോ കപ്പലിനു നേർക്ക് ഡ്രോൺ ആക്രമണമുണ്ടായി. ഇത് കപ്പലിൽ തീപിടുത്തത്തിന് കാരണമായെങ്കിലും ക്രൂ അംഗങ്ങൾ പെട്ടെന്ന് തന്നെ തീയണച്ചു. കപ്പൽ സ്വന്തം എൻജിൻ കരുത്തിൽ യാത്ര തുടർന്നു. കപ്പലിലുണ്ടായിരുന്ന 23 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയിലെ നൊവോറോസ്സിസ്കിൽ നിന്ന് കറാച്ചിയിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ സെപ്റ്റംബർ 2-നാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിന്റെ ക്യാബിൻ ഭാഗത്ത് ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായെങ്കിലും ക്രൂ അംഗങ്ങൾ തീയണച്ചു. ആർക്കും പരിക്കുകളില്ലെന്നും 23 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായ മനോജ് യാദവ് വ്യക്തമാക്കി. ആക്രമണത്തിനിടയിൽ രണ്ടാമതൊരു ഡ്രോൺ കൂടി കണ്ടതായി റിപ്പോർട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷബാധിത പ്രദേശങ്ങളിലൂടെയുള്ള കപ്പൽ ഗതാഗതവും ഇന്ത്യൻ നാവികരുടെ സുരക്ഷയും ഈ സംഭവം വീണ്ടും ചർച്ചയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്ത്യൻ നാവികർ ഇത്തരം സംഘർഷങ്ങളുടെ ഭാഗമല്ലെങ്കിലും അവർ നിരന്തരം സുരക്ഷാ ഭീഷണികൾ നേരിടുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ, ഒമാൻ ഉൾക്കടലിലെയും ഏദൻ ഉൾക്കടലിലെയും സംഭവങ്ങൾ, ഇന്ത്യൻ നാവികരുള്ള കപ്പലുകൾക്കുണ്ടായ ഹൈജാക്കിങ് ഭീഷണികൾ തുടങ്ങിയ വിവിധ സമുദ്ര സുരക്ഷാ പ്രശ്നങ്ങൾക്കിടയിലാണ് പുതിയ ആക്രമണവും നടന്നിരിക്കുന്നത്.







Comments