
തമിഴ്സിനിമാപ്രേക്ഷകര്ക്ക് മാത്രമല്ല മലയാളസിനിമാപ്രേക്ഷകര്ക്കും ഏറെയിഷ്ടമുള്ള താരങ്ങളില് ഒരാളാണ് രവി മോഹന്. അതിഭാവുകത്വമില്ലാത്ത കഥാപാത്രങ്ങള് അവതരിപ്പിച്ചാണ് രവി പ്രേക്ഷകമനസ്സിലിടം നേടിയത്. എന്നാല് കഴിഞ്ഞ കുറച്ചു നാളുകളായി സ്വന്തം വ്യക്തി ജീവിതത്തിന്റെ പേരിലാണ് താരം വാര്ത്തകളില് നിറയുന്നത്. ഭാര്യ ആര്തി രവിയുമായുള്ള വിവാഹമോചനക്കേസും അതിന്റെ പേരിലുണ്ടായ വാദപ്രതിവാദങ്ങളും അതിനു ശേഷം ഗായിക കെനിഷ ഫ്രാന്സിസുമായുണ്ടായ പ്രണയവും പ്രണയത്തകര്ച്ചയുമൊക്കെ താരത്തെ മാനസികമായി വല്ലാതെ അലട്ടിയിരുന്നു.
തന്റെ മാനസിക സമ്മര്ദ്ദങ്ങളില് ഏറ്റവും വലിയ താങ്ങും കരുത്തും നല്കിയിട്ടുള്ളത് സുഹൃത്തുക്കളാണെന്ന് രവി മോഹന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന നടൻമാരിലൊരാളാണ് താരം. ആര്യ, കാർത്തി, ജീവ, വിശാൽ എന്നിവരുമായുള്ള രവി മോഹന്റെ സൗഹൃദത്തെക്കുറിച്ച് ആരാധകർക്കും നന്നായി അറിയാവുന്നതാണ്.
ഇപ്പോഴിതാ താനും കാര്ത്തിയുമായുള്ള അടുപ്പത്തെക്കുറിച്ച് രവി മോഹന് വൈകാരികമായി സംസാരിക്കുന്നതാണ് സോഷ്യല് മീഡിയ ഏറ്റെടുക്കുന്നത്. തന്റെ കുടുംബത്തിനൊപ്പം തന്നെയാണ് കാര്ത്തിയെന്നും അത്രയ്ക്കും വിശ്വാസമാണ് കാര്ത്തിയെയെന്നും രവി മോഹന് പറയുന്നു.
‘‘ഒരു നടനായില്ലായിരുന്നെങ്കിൽ, ഒരു ആരാധകനായിട്ടായിരിക്കും ഞാന് ചടങ്ങിൽ എത്തുക. മണിരത്നം സാറിന്റെ പൊന്നിയിന് സെല്വനില് ഞാനഭിനയിച്ചതിന് ഒരു കാരണം കാര്ത്തിയാണ്. അന്നെന്നെ പലപ്പോഴും ഇങ്ങനെ ചേര്ത്തുപിടിച്ചിട്ടുണ്ട്. അന്നു തുടങ്ങിയ ബന്ധമാണ് ഇപ്പോഴുമതങ്ങനെ നിലനിന്നു പോകുന്നു. സത്യമായിട്ടും പറയാം, ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് അവൻ വന്ന് ‘ഡാ, അവിടുന്ന് ചാടടാ’ എന്ന് പറഞ്ഞാൽ പോലും ഞാൻ ചാടും. എന്റെ അമ്മ, എന്റെ അച്ഛൻ, എന്റെ മകൻ എന്ന് പറയുന്നതുപോലെയാണ് എന്റെ കാർത്തി... എപ്പോഴും എന്റെ കാർത്തി...’’ വൈകാരികമായി വാക്കുകള് ഇടറി രവി മോഹന് പറഞ്ഞു. താരത്തിന്റെ വാക്കുകള് കേട്ട് ഈറനണിഞ്ഞ് നന്ദി പറയുന്ന കാര്ത്തിയെയും ഇതെല്ലാം കേട്ട് സന്തോഷത്തോടെ കൈയടിക്കുന്ന കാര്ത്തിയുടെ അച്ഛനും മുതിർന്ന തമിഴ് ചലച്ചിത്ര നടനുമായ ശിവകുമാറിനെയും ദൃശ്യങ്ങളില് കാണാം. കാർത്തി നായകനായെത്തുന്ന ‘സർദാർ 2’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ പങ്കെടുക്കവേയാണ് രവി മോഹൻ കാര്ത്തിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ്സു തുറന്നത്.
രവി മോഹന്റെ സമീപകാല വ്യക്തിപരവും വൈകാരികവുമായ വെല്ലുവിളികളിൽ കാർത്തി വലിയൊരു പിന്തുണയായിരുന്നു. വി മോഹന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും പ്രോത്സാഹിപ്പിക്കാനും സിനിമയിലേക്ക് മടങ്ങാനും സഹായിച്ചതിൽ കാര്ത്തി ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രയാസകരമായ കാലഘട്ടത്തിൽ കാർത്തി രവി മോഹനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്നും സിനിമയിൽ നിന്ന് അകന്നു നിൽക്കരുതെന്ന് പറഞ്ഞതായും അടുത്ത വൃത്തങ്ങള് പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർ ഇപ്പോഴും അദ്ദേഹത്തെ ആഴത്തിൽ സ്നേഹിക്കുന്നുവെന്നും വ്യക്തിപരമായ ജീവിതത്തിലെ തിരിച്ചടികൾ ഒരു കലാകാരനെ സൃഷ്ടിപരമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിന്ന് തടയരുതെന്നും കാര്ത്തി പറഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന പ്രതിബദ്ധതകൾ പുനരാരംഭിക്കാനും ജോലിസ്ഥലത്ത് ആരോഗ്യകരമായ ഒരു ദിനചര്യ പതുക്കെ പുനർനിർമ്മിക്കാനും കാർത്തി രവി മോഹനെ പ്രോത്സാഹിപ്പിച്ചിരുന്നു. അതുകൊണ്ടാകാം രവി മോഹന് വീണ്ടും പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട ചർച്ചകളിലേക്കും മടങ്ങിയിരിക്കുന്നത്.
തന്റെ കൂട്ടുകാരൻമാരെക്കുറിച്ച് രവി മോഹൻ പറഞ്ഞ വാക്കുകളും വൈറലാകുന്നുണ്ട്. ‘നിങ്ങളുടെ സൗഹൃദവലയത്തിൽ ഒരാളെ സ്പൈ ആയി വയ്ക്കുകയാണെങ്കിൽ ആരെ വയ്ക്കും’ എന്ന ചോദ്യത്തിനാണ് രവി മോഹന് മറുപടി പറഞ്ഞത്.
‘‘തീർച്ചയായും സ്പൈ ആയി വയ്ക്കുകയാണെങ്കിൽ അത് ആര്യ ആയിരിക്കും. അത് കറക്ട് ആയിരിക്കും. കാരണം, അവന്റെ കയ്യിൽ സൈക്കിളുണ്ട്. പെട്ടെന്ന് പോയി കാര്യങ്ങളൊക്കെ കണ്ടെത്തിയിട്ട് വരും. സൈക്കിളിൽ പോകുന്നതു കൊണ്ട് തന്നെ അവനെ ആർക്കും സംശയം ഒന്നും തോന്നില്ല.
പക്ഷേ ഞാൻ കണ്ടുപിടിക്കും. എങ്ങനെയെന്ന് വച്ചാൽ അവൻ ഒരേയൊരു ഹെൽമറ്റ് മാത്രമേ അവൻ ഉപയോഗിക്കാറുള്ളൂ. അത് വച്ച് ഞാൻ കണ്ടുപിടിക്കും. അത് മറ്റാർക്കും അറിയില്ല...’ താരം പറഞ്ഞു.
‘മിഷൻ തീരുന്നതിന് മുൻപ് രഹസ്യം പുറത്തുവരണമെങ്കിൽ ആര് സ്പൈ ആയിരിക്കണം’ എന്ന ചോദ്യത്തോടും രവി മോഹൻ തമാശരൂപേണ പ്രതികരിച്ചു.
‘‘ജീവ... അവനൊന്നും പറയില്ല, കാരണം എല്ലാം മറന്നു പോകും. പിന്നെ നമ്മൾ കുറേനാൾ കഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് പറയുമ്പോൾ, ‘ആ കാര്യം ഞാൻ ചെയ്തായിരുന്നു...’ എന്ന് പറഞ്ഞ് തുടങ്ങും. അപ്പോൾ നമ്മൾ പറയും, ‘എടാ, അത് പറയാൻ പാടില്ലെടാ’ എന്ന്...’’ താരം പറഞ്ഞു.
‘ഞാനൊരു സ്പൈ ആണെന്ന് നെറ്റിയിൽ എഴുതി വച്ചിരിക്കുന്ന ആൾ ആരാണ് ?’ എന്ന ചോദ്യത്തിന് വിശാലിന്റെ പേരാണ് രവി പറഞ്ഞത്. ‘‘അവൻ നടന്നു വരുന്ന സ്റ്റൈലിൽ തന്നെ മനസിലാകും, ഇവൻ ഉറപ്പായും ഒരു സ്പൈ ആണെന്ന്...’’ തനിക്കേറ്റവും വിശ്വാസമുള്ളത് കാർത്തിയെ ആണെന്നും താരം പറഞ്ഞു.







Comments