
മലയാള സിനിമാലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു കെ.പി.എ.സി ലളിത. നാടകലോകത്തു നിന്ന് തുടക്കം കുറിച്ച് പിന്നീട് തന്റെ തനതായ അഭിനയ ശൈലിയിലൂടെ നായിക, സഹനായിക, സഹോദരി, അമ്മ വേഷങ്ങളില് വിസ്മയം തീര്ത്ത സമാനതകളില്ലാത്ത താരമായിരുന്നു കെ.പി.എ. സി ലളിത.
കെ.പി.എ.സി. ലളിതയും നടി മഞ്ജുപിള്ളയും തമ്മിൽ വളരെ ആഴത്തിലുള്ള ഒരു അമ്മ-മകൾ ബന്ധമായിരുന്നുണ്ടായിരുന്നത്. ഒരു സീരിയൽ ഷൂട്ടിങ്ങിനിടയിലാണ് മഞ്ജു പിള്ള ലളിതാമ്മയെ ആദ്യമായി കാണുന്നത്. അന്ന് മഞ്ജുവിനെ തന്റെ ഒരു കൊച്ചുമകളെ പോലെ താരംചേര്ത്തുപിടിക്കുകയും ചെയ്തു. അന്നു തൊട്ട് ലളിതാമ്മയുടെ മരണം വരെ ആ സ്നേഹം അങ്ങനെ തന്നെ തുടര്ന്നു.
ഇപ്പോഴിതാ കെ.പി.എ.സി ലളിതയുമായുള്ള ആത്മബന്ധത്തിന്റെ ഓർമകൾ പങ്കുവച്ച് വികാരധീനയാകുകയാണ് മഞ്ജുപിള്ള. അഞ്ച് പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയിലെ അമ്മ മുഖമായി ജീവിച്ച മലയാളത്തിന്റെ മഹാനടിയിലേക്ക് മഞ്ജുപിളളയുടെ സംസാരമെത്തിയത് കവിയൂർ പൊന്നമ്മ, സുകുമാരി, കെ.പി.എ.സി ലളിത തുടങ്ങി മുൻ തലമുറയിലെ അമ്മ മുഖങ്ങളെ പറ്റി അഭിപ്രായങ്ങൾ പങ്കുവച്ചതിനിടെയാണ്. ഒടുവില് ആ വാക്കുകള് മുഴുവന് കെ.പി.എ.സി ലളിതയിലേക്ക് മാത്രമായി മാറി.
‘‘കവിയൂർ പൊന്നമ്മ, സുകുമാരി, കെ.പി.എ.സി ലളിത തുടങ്ങി മുൻതലമുറക്ക് ശേഷം മലയാള സിനിമയിൽ പിന്നൊരു അമ്മ വേഷത്തിനുള്ള മുഖങ്ങൾ നമുക്ക് പെട്ടെന്ന് ഓർമയിൽ കിട്ടില്ല. ഞാനും ലളിതാമ്മയും തമ്മിൽ ഒരു ആത്മബന്ധമുണ്ടായിരുന്നു. അമ്മയും മകളും പോലെ ഒരു വല്ലാത്ത ആഴത്തിലുള്ള ബന്ധമായിരുന്നു അത്. ലളിതച്ചേച്ചിക്ക് എന്തെങ്കിലും ആവശ്യം പറയുമ്പോൾ മകൻ സിദ്ധാർഥ് പോലും എന്നെയാവും കൂട്ടിന് നിർദേശിക്കുക. ഞാൻ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് താമസം മാറുന്നതു തന്നെ ലളിതാമ്മ പറഞ്ഞിട്ടാണ്. അവരുടെ ഫ്ലാറ്റിന് സമീപം തന്നെ മറ്റൊരു ഫ്ലാറ്റിലായിരുന്നു ഞങ്ങൾ താമസിച്ചത്. ലളിതാമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നതും ഞാനായിരുന്നു.
ഞങ്ങളിങ്ങനെയാണ് എന്ന് പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് ആ ഒരു ബന്ധത്തിന്റെ കാര്യത്തിൽ പറ്റില്ല. ചില ബന്ധങ്ങൾ അങ്ങനെയാണ്. എല്ലാം നമുക്ക് വാക്കുകളിൽ പറഞ്ഞുവെക്കാനാവുന്നതല്ല. അന്നും ഇന്നും എന്നും ഞാൻ ഹൃദയത്തോട് ചേർത്തുവെക്കുന്ന അമ്മയാണ് ലളിതാമ്മ. ഇപ്പോഴും ഓർക്കുമ്പോൾ ചെറിയൊരു വിഷമം വരും.
കോവിഡ് സമയത്ത് ലളിതാമ്മ ഒരു തമിഴ് പടം ചെയ്യുകയാണ്. എനിക്കന്ന് കൃഷിപ്പരിപാടിയൊക്കെയുള്ള സമയമാണ്. നല്ല തിരക്കിലായിരുന്നു. എന്നാലും ഗുളിക കഴിക്കും പോലെ രാവിലെയും ഉച്ചക്കും വൈകീട്ടും ലളിതാമ്മ വിളിക്കും. ‘എനിക്കാരുമില്ലെടീ...എനിക്ക് ബോറടിക്കുന്നെടീ.. എനിക്കങ്ങോട്ടു വരണം. എനിക്ക് വരാൻ പറ്റുന്നില്ല. എന്നെ ഇവർ വിടുന്നില്ല’ എന്നൊക്കെ പറയും.
കുംഭകോണത്തെങ്ങാണ്ടോ ആയിരുന്നു ഷൂട്ടിങ്. ദിവസവും ഈ വിളിയും പരിഭവം പറച്ചിലും തുടർന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പിന്നെ ആ വിളി വന്നില്ല. അപ്പോൾ ഞാൻ തിരിച്ചുവിളിച്ച് അന്വേഷിച്ചു. അപ്പോഴാണ് അമ്മ ആശുപത്രിയിലായെന്നറിഞ്ഞത്. അതു കഴിഞ്ഞുപിന്നെ അമ്മ ഓർമയിലേക്ക് വന്നിട്ടില്ല. അതെനിക്ക് ഭയങ്കര വിഷമമാണ്. അത്രയും ആത്മബന്ധത്തിലിരുന്നിട്ട് അവസാന കാലത്ത് കാണാൻ കഴിയാതെ പോയതാലോചിക്കുമ്പോൾ ഇപ്പോഴും ഭയങ്കര സങ്കടമാണ്. ഞാൻ അവസാനമായി കാണുമ്പോൾ അമ്മ കണ്ണടച്ചു കിടക്കുകയാണ്. ‘സ്നേഹത്തോടെ ഒന്നു ചീത്ത പറയാനെങ്കിലും ഒന്നു കണ്ണു തുറക്കമ്മാ’..എന്ന് ഞാൻ മനസ്സിൽ പറഞ്ഞുപോയി. ആ കാഴ്ച എന്റെ മനസ്സിലിപ്പോഴും വിഷമമുണ്ടാക്കുന്നതാണ്...ഒന്നും മിണ്ടാതെ പോയി, അതെനിക്കിന്നും കണ്ണീരാണ്...’’ മഞ്ജുപിള്ള കണ്ണുകള് തുടച്ചു കൊണ്ട് പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ മലയാള വിഭാഗത്തിന്റെ മുപ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് കലാസാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ മഞ്ജുപിള്ള ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുന്നതിനിടെയാണ് വികാരധീനയായത്.
മഞ്ജു പിള്ളയുടെ അപ്പൂപ്പൻ എസ്.പി. പിള്ളയ്ക്കൊപ്പം അഭിനയിച്ചിട്ടുള്ള പരിചയം കൊണ്ടാണ് ആദ്യമായി ലളിതാമ്മ മഞ്ജുവിനെ സ്വന്തം കൊച്ചുമകളെപ്പോലെ ചേർത്തുപിടിച്ചത്. ലളിതാമ്മയുടെ മകൾ ശ്രീക്കുട്ടിയെപ്പോലെയുണ്ട് മഞ്ജു എന്ന് പറഞ്ഞ് അവർ സ്നേഹത്തോടെ കവിളിൽ പിടിച്ചു. അന്ന് മുതൽ മഞ്ജു ലളിതാമ്മയെ ‘അമ്മ’ എന്നേ വിളിച്ചിട്ടുള്ളൂ. ‘തട്ടീം മുട്ടീം’ പരമ്പരയിലൂടെയാണ് ഇവരുടെ സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകര് കണ്ടത്. അതില് മോഹനവല്ലി എന്ന മരുമകളുടെ വേഷം മഞ്ജു പിള്ളയും മായാവതി അമ്മയായി ലളിതാമ്മയും അഭിനയിച്ച് രണ്ടാളും പ്രേക്ഷരുടെ ഹൃദയവും മനസ്സും കവര്ന്നിരുന്നു.
അമ്മവേഷങ്ങളില് സജീവമാകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്ക്കും മഞ്ജുപിള്ള മറുപടി പറഞ്ഞു. ‘‘അമ്മ വേഷങ്ങൾ എന്റെ മാത്രം തെരഞ്ഞെടുപ്പല്ല. സാഹചര്യത്തിന്റെ കൂടിയാണ്. മുൻതലമുറയുടെ അമ്മ വേഷങ്ങൾ എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമയെ സീരിയസായി കണ്ടു തുടങ്ങിയതിന് ശേഷമാണ് എന്റെ ശരീരത്തിന്റെ കാര്യത്തിൽ ഞാൻ കാര്യമായ ശ്രദ്ധ കൊടുത്തുതുടങ്ങിയത്. ഇപ്പോൾ ഞാൻ നല്ലവണ്ണം മെലിഞ്ഞു.ഒരു നടി എന്ന നിലയിൽ എന്റെ ശരീരത്തെ പാകപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ് ഈ മാറ്റം.
ഹോം സിനിമയിലെ പ്രകടനത്തിൽ എനിക്ക് അവാർഡ് കിട്ടാത്തതിൽ വിഷമമൊന്നും തോന്നിയില്ല. പക്ഷേ, ഇന്ദ്രൻസേട്ടന് കിട്ടാത്തതിൽ എനിക്ക് നല്ല വിഷമമുണ്ടായിരുന്നു. ‘ഹോം’, ‘ഉടൽ’ സിനിമകളിലെ പ്രകടനത്തിന് അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു. ഹോം പോലൊരു സിനിമയെ ഒരുവിധത്തിലും പരാമർശിക്കുക പോലും ചെയ്യാതിരുന്നതിലെ വിഷമത്തിലേറെ, ആ അവാർഡ് പ്രക്രിയയോടുള്ള വിശ്വാസം നഷ്ടപ്പെടുകയാണുണ്ടായത്. പക്ഷേ, പ്രേക്ഷകർ ഞങ്ങളെ നെഞ്ചോടു ചേർത്തു. മലയാള സിനിമയുടെ ആസ്വാദനതലങ്ങൾ മാറുന്നത് ശുഭസൂചനയാണ്...’’ മഞ്ജുപിള്ള പറഞ്ഞു.







Comments