
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷവും കൈയാങ്കളിയും. രമ്യ പ്രാദേശിക നേതാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തനിക്കും ആക്രമണത്തിൽ പരിക്കേറ്റെന്ന് വ്യക്തമാക്കിയ എംഎൽഎ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുയോഗത്തിനിടെ എംഎൽഎയുടെ പിഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയങ്കളിയിൽ കലാശിച്ചത്. പിഎയെ യോഗത്തിൽ പങ്കെടുപ്പിച്ചതിനെച്ചൊല്ലി ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലവും രമ്യ ഹരിദാസും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.
എന്നാൽ എംഎൽഎയാണ് തന്നെ ആദ്യം ഏകപക്ഷീയമായി മർദിച്ചതെന്ന് സജിത്ത് ആരോപിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട ചർച്ചയിൽ എംഎൽഎയ്ക്കൊപ്പം ആലത്തൂർ സ്വദേശിയായ പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എംഎൽഎയുടെ കൂടെ സ്ഥിരമുള്ള ഇയാൾക്കെതിരെ നിരന്തരം പരാതികളുണ്ടെന്ന് സജിത്ത് പറഞ്ഞു. ജനപ്രതിനിധികളുടെ യോഗത്തിൽ ഇയാൾ പങ്കെടുത്ത ചിത്രം എംഎൽഎ തന്നെ പുറത്തുവിട്ടതിനെ തുടർന്ന്, കോൺഗ്രസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ സജാദ് എന്ന നേതാവ് ഇത് ചോദ്യം ചെയ്തു.
വാട്സാപ്പിൽ സന്ദേശമയച്ച സജാദിന്റെ കുടുംബവീട്ടിൽ രാത്രിയോടെ എംഎൽഎയും പാളയം പ്രദീപും ഡ്രൈവർമാരും എത്തുകയായിരുന്നു. സജാദിനെ ബലമായി പിടിച്ചിറക്കി ബൈക്കിൽ കൊണ്ടുപോകാൻ ശ്രമിച്ച വിവരമറിഞ്ഞാണ് താൻ അവിടെയെത്തിയതെന്ന് സജിത്ത് പറഞ്ഞു. സജാദിനെയും കുടുംബത്തെയും ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് എംഎൽഎ തനിക്കെതിരെ തിരിഞ്ഞതും മർദിച്ചതും. സംഭവസ്ഥലത്ത് വീട്ടുപകരണങ്ങൾ തകർക്കുകയും ദൃശ്യങ്ങൾ പകർത്തിയവരെ ആക്രമിക്കുകയും ചെയ്തു. എംഎൽഎയുടെ ബിനാമിയാണ് പാളയം പ്രദീപെന്നാണ് പ്രവർത്തകരുടെ പ്രധാന പരാതി.







Comments