
തിരുവനന്തപുരം: ചിറയിന്കീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട സംഭവത്തില് എംഎല്എ രമ്യാഹരിദാസിന്റെയും മണ്ഡലംപ്രസിഡന്റ് സജാദിന്റെയും പരാതിയില് പോലീസ് കേസെടുത്തു. സംഭവത്തില് ഇരുവരും പോലീസില് പരാതി നല്കുകയും ചെയ്തു. പാര്ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവത്തില് പക്ഷേ കോണ്ഗ്രസിന്റെ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലവും സംഘവും ചേര്ന്ന് മര്ദിച്ചെന്നാണ് രമ്യ ഹരിദാസ് എംഎല്എയുടെ പരാതിയില് പറഞ്ഞിരിക്കുന്നത്. എംഎല്എയും സംഘവും നിര്ബന്ധിച്ച് വാഹനത്തില് കയറ്റിയെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും വീട്ടുപകരണങ്ങള് തകര്ത്തെന്നും സജാദിന്റെ പരാതിയില് പറയുന്നു. സംഭവത്തില് ചികിത്സയില് ആയിരുന്ന രമ്യ ഹരിദാസ് പുലര്ച്ചെ 3.45 ന് ആശുപത്രി വിട്ടു.
ചിറയിന്കീഴ് പൊലീസ് എംഎല്എയുടെ മൊഴിയെടുത്തു. സജാദും കുടുംബവും ഇന്ന് പാര്ട്ടി നേതൃത്വത്തിനും പരാതി നല്കാനുള്ള നീക്കത്തിലാണ്. ഇന്നലെയാണ് രമ്യ ഹരിദാസും പ്രാദേശിക കോണ്ഗ്രസ് നേതാക്കളും തമ്മില് വാക്കേറ്റമുണ്ടായത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു വിഷയം. ചിറയിന്കീഴ് ബ്ലോക്ക് പഞ്ചായത്തില് നടന്ന ജനപ്രതിനിധികളുടെ യും ഉദ്യോഗസ്ഥരുടെയും യോഗത്തില് പാളയം പ്രദീപ് എന്നയാള് അഭിപ്രായം പറഞ്ഞതാണ് പ്രശ്നമായി മാറിയത്. യോഗവുമായി ഒരു ബന്ധവും ഇല്ലാത്തയാള് അഭിപ്രായം പറഞ്ഞത് ജനപ്രതിനിധികള് ചോദ്യം ചെയ്യുകയും അത് കോണ്ഗ്രസ് ജനറല് സെക്രട്ടറി ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എംഎല്എയും പാളയം പ്രദീപും കൂടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ജനറല് സെക്രട്ടറിയുടെ വീട്ടിലെത്തുകയും അവര് തമ്മില് സംസാരം ഉണ്ടാവുകയും ചെയ്തു. ഇതറിഞ്ഞ കോണ്ഗ്രസ് പ്രവര്ത്തകര് ആ വീട്ടിലെത്തി എംഎല്എയുമായി വാക്കേറ്റം ഉണ്ടായി. തുടര്ന്ന് ഇരു കൂട്ടരും തമ്മില് പിടിച്ചു തള്ളുകയും എംഎല്എയ്ക്ക് പരുക്കേറ്റു എന്നുമാണ് ആരോപണം.







Comments