
തിരുവനന്തപുരം: പദ്ധതി നടത്തുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫില് ഭിന്നത തുടരുന്ന സാഹചര്യത്തില് പിഎം ശ്രീയില് തപ്പിത്തടഞ്ഞ് സംസ്ഥാന സര്ക്കാര്. കേന്ദ്രസര്ക്കാരിന്റെ കത്ത് വരികയും മുസ്ളീംലീഗ് ശക്തമായി എതിര്ക്കുകയും ചെയ്യുന്ന സാഹചര്യത്തില് പദ്ധതിയുമായി മുമ്പോട്ട് പോകാ നും പോകാതിരിക്കാനും കഴിയാത്ത സ്ഥിതിയിലാണ്. പദ്ധതി നടപ്പാക്കാതിരുന്നാല് സര്ക്കാരിന് കേന്ദ്രഫണ്ടായ വന്തുക നഷ്ടപ്പെടാന് കാരണമാകും.
പിഎംശ്രീയില് ഒരുപാട് ചര്ച്ച ചെയ്തിട്ടുണ്ടെന്നും എന്നാല് പുതിയ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി എന് ഷംസുദ്ദീന് നടത്തിയരിക്കുന്ന പ്രതികരണം. പിഎംശ്രീയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉപസമിതി രണ്ടുതവണ ചേര്ന്നതാണെന്നും വീണ്ടും ചേരുമെന്ന് പി.സി. വിഷ്ണുനാഥും പ്രതികരിച്ചിരിക്കുകയാണ്. അതേസമയം പിഎംശ്രീ വേണ്ടെന്ന ശക്തമായ നിലപാടിലാണ് മുസ്ളീംലീഗ്.
പിഎംശ്രീ എന്നത് ആര്എസ്എസ് അജണ്ടയില് വരുന്ന ഒുര പരിപാടിയാണെന്നും അത് ഒരു ലീഗ് മന്ത്രി നടപ്പാക്കിയാല് മറ്റൊരു തരത്തിലുള്ള ചര്ച്ചകള്ക്ക് വഴിവെക്കുമെന്നുമാണ് മുസ്ളീംലീഗിന്റെ നിലപാട്. കേന്ദ്രസര്ക്കാര് നല്കുന്ന കോടികളേക്കാള് വലുതാണ് ലീഗിന്റെ പ്രതിഛായയെന്നും അവര് കണക്കാക്കുന്നു. പദ്ധതി നടത്തിപ്പില് തല്ക്കാലത്തേക്ക് ഉപസമിതി റിപ്പോര്ട്ട് വരട്ടെ എന്ന നിലപാടിലാണ് സര്ക്കാര്.
എന്നാല് പദ്ധതി തന്നെ അവസാനിക്കാന് മാസങ്ങള് മാത്രം ഇനി ബാക്കിയുള്ളപ്പോള് ഉപസമിതി റിപ്പോര്ട്ട് വന്നില്ലെങ്കില് പദ്ധതി തന്നെ ഇല്ലാതാകും. ഈ പ്രതിസന്ധി മുന്നണിയെ ബാധിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളസര്ക്കാരിന് പുതിയ കത്ത് അയച്ചിരിക്കുകയാണ്. 1500 കോടി എസ്എസ്കെ ഫണ്ട് കിട്ടണമെങ്കില് പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. പദ്ധതി നടപ്പാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര് വരെ നിര്ദേശിക്കുന്നതെങ്കിലും മുസ്ളീംലീഗിന്റെ നിലപാടില് തട്ടി പദ്ധതി നടപ്പാക്കലിലെ പ്രതിസന്ധി തുടരുകയാണ്.







Comments