
കൊച്ചി: വിവാഹത്തിന് എച്ച്ഐവി സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കണമെന്ന മാര്ത്തോമാ സഭ വൈദിക ട്രസ്റ്റിയെ പിന്തുണച്ച് ദീപികയും. പ്രസ്താവനയെ അനുകൂലിച്ച് മുഖപ്രസംഗത്തില് ലേഖനമിട്ടു. എച്ച്ഐവി രോഗിയുടെ സ്വകാര്യത പരിഗണിക്കപ്പെടേണ്ടതാണെന്നും എന്നാല് അപ്പുറത്ത് വിവരം ഒളിപ്പിച്ചുവെച്ച് വിവാഹം കഴിച്ച് ജീവിതപങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണെന്നും പറയുന്നു.
എയ്ഡ്സിന് കാരണമായ എച്ച്ഐവി ബാധിതരുടെ സ്വകാര്യത തീര്ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, കുടുംബം എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേതുകൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലയ്ക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കില് അതിനോളം കാപട്യം മറ്റൊന്നില്ല. എയ്ഡ്സ് രോഗിയുടെ സ്വകാര്യത സംരക്ഷിച്ച് വിവാഹബന്ധവും കിടപ്പറയുമൊരുക്കാന് സ്വകാര്യതാവാദികളുടെ കുടുംബങ്ങള് തയ്യാറാകട്ടെ. മറ്റുള്ളവരുടെ കാര്യത്തില് എയ്ഡ്സ് സര്ട്ടിഫിക്കറ്റ് വിവാഹത്തിന്റെ നിബന്ധനയാക്കണമെന്ന് മുഖപ്രസംഗത്തില് പറയുന്നു. എച്ച്ഐവി ടെസ്റ്റുകള്ക്ക് വിധേയമാക്കിയ ശേഷം മാത്രം വിവാഹം നടത്തണമെന്നായിരുന്നു ഇന്നലെ മാര്ത്തോമാ സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ തോമസിന്റെ പരാമര്ശം. മാര്ത്തോമാസഭ കുടുംബസംഗമ വേദിയിലായിരുന്നു പരാമര്ശം.
മാര്ത്തോമാ സഭയിലെ വിവാഹങ്ങള് എച്ച്ഐവി ടെസ്റ്റുകള്ക്ക് വിധേയമായി മാത്രം നടത്തണമെന്നായിരുന്നു പ്രസ്താവന. മകള് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കള്ക്ക് ഉറപ്പുവരുത്താന് കഴിയണമെന്നും പറഞ്ഞു. കര്ണാടകയിലെ കോളേജ് വിദ്യാര്ത്ഥികള്ക്ക് എച്ച്ഐവി ടെസ്റ്റ് നടത്താനുളള തീരുമാനം പരാമര്ശിച്ചായിരുന്നു പ്രസംഗം. പരാമര്ശം സഭയിലെ യുവാക്കളെ അപമാനിക്കുന്നു എന്ന ആക്ഷേപം ഉയര്ന്നിരുന്നു.







Comments