
ന്യൂഡൽഹി: ഡൽഹിയിലെ നംഗ്ലോയ് പ്രദേശത്ത് ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുത്തേറ്റു മരിച്ചു. സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വ്യാഴാഴ്ച ഉച്ചയോടെ സ്കൂളിൽ നിന്ന് പെൺകുട്ടിക്കും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 കാരനായ വിദ്യാർത്ഥിയെ മൂന്ന് പ്രായപൂർത്തിയാകാത്തവർ വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദ്യം ചെയ്തു. ചെറിയൊരു വാക്കുതർക്കത്തിന് ശേഷം വിദ്യാർത്ഥിയും കൂട്ടുകാരും അവിടെനിന്ന് വീണ്ടും നടന്നു.
എന്നാൽ 15-20 മിനിറ്റിനു ശേഷം വീണ്ടും ഇവരെ തടഞ്ഞുവെച്ച പ്രതികൾ വിദ്യാർത്ഥിയുമായി തർക്കത്തിലാവുകയും, സംഘത്തിലൊരാൾ കത്തിയെടുത്ത് വിദ്യാർത്ഥിയുടെ വലതു തുടയിൽ കുത്തുകയുമായിരുന്നു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സോണിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്നതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വിദ്യാർത്ഥിയുടെ മൃതദേഹം കുടുംബത്തിന് കൈമാറി.
സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത ഡൽഹി പോലീസ്, മണിക്കൂറുകൾക്കകം തന്നെ പ്രതികളായ മൂന്ന് പ്രായപൂർത്തിയാകാത്തവരെയും പിടികൂടി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.







Comments