
വീട്ടിനുള്ളിൽ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തിയാൽ എന്തായിരിക്കും അവസ്ഥ? ഫ്ലോറിഡയിലെ സെന്റ് ജോൺസ് കൗണ്ടിയിലെ ഒരു കുടുംബത്തിന് ലഭിച്ചത് അത്തരമൊരു ഞെട്ടിക്കുന്ന അതിഥിയെയായിരുന്നു. ഒരു വലിയ മാൻ വീടിനുള്ളിൽ കയറി നേരെ ബാത്ത്റൂമിലെത്തിയതോടെ വീട്ടുകാർ പൊലീസിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ മാൻ അവിടെ നിൽക്കാതെ നടത്തിയ അടുത്ത നീക്കമാണ് സംഭവത്തെ കൂടുതൽ കൗതുകകരമാക്കിയത്.
ഓഗസ്റ്റ് 23 നാണ് വീട്ടിൽ മാൻ കയറിയതായി വിവരം ലഭിച്ച് ഷെരീഫ് ഡെപ്യൂട്ടിമാർ സ്ഥലത്തെത്തിയത്. ബാത്ത്റൂമിലെത്തിയ ഉദ്യോഗസ്ഥർ ടോയ്ലറ്റിന് സമീപം നിൽക്കുന്ന വലിയ മാനിനെയാണ് കണ്ടത്. മൃഗം ഭയന്ന് അനങ്ങാതെ നിൽക്കുകയായിരുന്നു. വീട്ടിൽ നിന്ന് സുരക്ഷിതമായി പുറത്തേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർ ഏറെ ശ്രദ്ധയോടെ അതിനെ പുറത്തേക്ക് നയിക്കാൻ ശ്രമിച്ചു.
ഒടുവിൽ മാൻ ബാത്ത്റൂമിൽ നിന്ന് പുറത്തേക്ക് ഓടി വീടിന്റെ പുറകുവശത്തെത്തി. എന്നാൽ അവിടെ എത്തിയപ്പോഴാണ് മറ്റൊരു അപ്രതീക്ഷിത നീക്കം മാൻ നേരെ വീട്ടിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയായിരുന്നു. വെള്ളത്തിൽ നീന്തിയ ശേഷം പുറത്തേക്ക് കയറിയെങ്കിലും വീണ്ടും പൂളിലേക്ക് തന്നെ ചാടിയതോടെ ഉദ്യോഗസ്ഥർക്കും കാഴ്ച കൗതുകമായി. പിന്നീട് വേലിക്കെട്ടിലെ ഒരു വിടവിലൂടെ പുറത്തുകടന്ന് മാൻ സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയി.
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. 23 വർഷത്തെ ഔദ്യോഗിക സേവനത്തിനിടെ ഒരു വീട്ടിനുള്ളിൽ മാൻ കയറുന്ന സംഭവം ആദ്യമായാണ് കാണുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ബാത്ത്റൂമിൽ നിന്ന് സ്വിമ്മിങ് പൂളിലേക്കും പിന്നീട് കാട്ടിലേക്കുമുള്ള മാനിന്റെ അപ്രതീക്ഷിത യാത്രയുടെ ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്.







Comments