
തിരുവനന്തപുരം: കേരളത്തില് പിടിമുറുക്കുന്നതിന്റെ ഭാഗമായി സംഘടനാ സംവിധാനത്തില് വമ്പന് അഴിച്ചുപണിക്ക് ബിജെപി. യുവനേതാക്കള്ക്കും പുതുമുഖങ്ങള്ക്കും കൂടുതല് അവസരം നല്കാനാണ് നീക്കം. കേരളത്തിലെ യുവനേതാക്കളായ അനൂപ് ആന്റണിക്കും ഷോണ് ജോര്ജ്ജിനും കൂടുതല് ഉത്തരവാദിത്വവും സംഘടനാചുമതലയും നല്കിയേക്കും.
ഷോണ് ജോര്ജിന് ന്യൂനപക്ഷ മോര്ച്ച, മീഡിയ, സോഷ്യല് മീഡിയ എന്നീ മൂന്ന് പ്രധാന മേഖലകളുടെ പ്രഭാരി സ്ഥാനവും നല്കും. ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി അനൂപ് ആന്റണിയെ മിഷന് 2029 നരേറ്റീവ് ഇന്ചാര്ജ്, സംസ്ഥാന സെല് പ്രഭാരി എന്നീ തന്ത്രപ്രധാന പദവികളിലേക്കും നിയോഗിക്കും.
പാര്ട്ടി വക്താവായും സംഘാടകനായും ശ്രദ്ധേയനായ അനൂപ് ആന്റണിയുടെ നിയന്ത്രണത്തിലായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില് പാര്ട്ടിയുടെ രാഷ്ട്രീയ പ്രചാരണ രീതിയും ആശയ രൂപീകരണവും നടക്കുക. 'മിഷന് 2029' എന്ന ബൃഹത്തായ പദ്ധതിയിലൂടെ ജനങ്ങളിലേക്ക് പാര്ട്ടിയുടെ നയങ്ങളും വികസന സന്ദേശങ്ങളും എത്തിക്കാനുള്ള മാസ്റ്റര് പ്ലാനുകള് തയ്യാറാക്കുക എന്നതാണ് പ്രധാന ചുമതല.
സോഷ്യല് മീഡിയ പ്രചാരണം, മാധ്യമ ഇടപെടലുകള്, താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രചാരണം എന്നിവ ഏകോപിപ്പിക്കേണ്ടി വരും. സംസ്ഥാന സെല് പ്രഭാരി എന്ന അധിക ചുമതലയിലൂടെ പാര്ട്ടിയുടെ വിവിധ പോഷക ഘടകങ്ങളെയും പ്രൊഫഷണല് സെല്ലുകളെയും ശാക്തീകരിക്കാനുള്ള ദൗത്യവും അനൂപ് ആന്റണിക്കാണ്. സമുദായത്തിലെ പ്രൊഫഷണല്സിനെയും യുവാക്കളെയും പാര്ട്ടിയോട് അടുപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമാണിത്.
പ്രചാരണ സംവിധാനങ്ങള് സോഷ്യല് മീഡിയ വഴി നടപ്പിലാക്കാനും, ന്യൂനപക്ഷങ്ങളിലേക്ക് പാര്ട്ടിയുടെ സ്വാധീനം വര്ദ്ധിപ്പിക്കാനുമാണ് ഷോണിനെ നിയോഗിച്ചിരിക്കുന്നത്. കാസര്ഗോഡ് മുതല് തൃശൂര് വരെയുള്ള വടക്കന് ജില്ലകളുടെ ചുമതല എം.ടി. രമേശിനും, എറണാകുളം മുതല് തിരുവനന്തപുരം വരെയുള്ള തെക്കന് ജില്ലകളുടെ ചുമതല എസ്. സുരേഷിനുമാണ്.
പാര്ട്ടിയുടെ പ്രമുഖ നേതാവായ ശോഭാ സുരേന്ദ്രനാണ് ദേശീയ പ്രോഗ്രാം ഇന്ചാര്ജ്. യുവമോര്ച്ചയുടെ ചുമതല പി. സുധീറിനും, മഹിളാ മോര്ച്ചയുടെ ചുമതല ബി. ഗോപാലകൃഷ്ണനും നല്കി. ഒബിസി, എസ്സി, എസ്ടി, കിസാന് മോര്ച്ചകള്ക്കെല്ലാം ശക്തരായ നേതാക്കളെ പ്രഭാരിമാരായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗവേഷണം, വികസിത് കേരളം ഹെല്പ്പ് ഡെസ്ക് തുടങ്ങിയ വികസന അജണ്ടകള് ഏകോപിപ്പിക്കുന്നത് എസ്. ജയസൂര്യനാണ്.
തിരഞ്ഞെടുപ്പ് തന്ത്രങ്ങള് അടിമുടി പരിഷ്കരിക്കാന് കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതില് ഈ സെല്ലുകള് നിര്ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്. അടുത്തതായി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുകള് ലക്ഷ്യമിട്ടാണ് നീക്കം. പാര്ട്ടിയുടെ പ്രത്യയശാസ്ത്രങ്ങള്, കേന്ദ്ര സര്ക്കാരിന്റെ ജനക്ഷേമ പദ്ധതികള് അടിത്തട്ടിലെത്തിച്ചും കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള് ജനങ്ങളുടെ ശ്രദ്ധയില് കൊണ്ടുവന്നും വോട്ട് ഷെയര് കൂട്ടുകയാണ് 'മിഷന് 2029' ലൂടെ പദ്ധതിയിടുന്നത്.







Comments