
കപൂർത്തല: പഞ്ചാബിലെ കപൂർത്തലയിൽ ദുരൂഹവും അവിശ്വസനീയവുമായ ഒരു സംഭവം അരങ്ങേറി. മരിച്ചു എന്ന് കരുതി കുടുംബാംഗങ്ങൾ സംസ്കാര ചടങ്ങുകൾ നടത്തി 15 ദിവസങ്ങൾക്ക് ശേഷം, തങ്ങളുടെ മകൻ ജീവനോടെയുണ്ടെന്ന വിവരമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഒരു കുടുംബം. ജയിലിൽ നിന്നുള്ള ഒരു ഫോൺ കോളാണ് ഈ അത്ഭുതകരമായ സത്യം പുറത്തുകൊണ്ടുവന്നത്.
രവി കുമാർ എന്ന യുവാവ് കഴിഞ്ഞ ഓഗസ്റ്റ് 5-നാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പിന്നീട് തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങൾ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഓഗസ്റ്റ് 11-ന് കുടുംബം കപൂർത്തല സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ ഒരു യുവാവിന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തിയതായി പോലീസ് കുടുംബത്തെ അറിയിക്കുകയും ഫോട്ടോ കാണിക്കുകയും ചെയ്തു. രവി കുമാറാണെന്ന് തെറ്റിദ്ധരിച്ച് കുടുംബാംഗങ്ങൾ ആ ശരീരം ഏറ്റെടുക്കുകയും ഓഗസ്റ്റ് 13-ന് സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു.
എന്നാൽ സെപ്റ്റംബർ 2-ന് കപൂർത്തല സെൻട്രൽ ജയിലിൽ നിന്ന് കുടുംബത്തിന് ഒരു ഫോൺ കോൺ വന്നു. രവി കുമാർ എന്നയാൾ ജയിലിൽ കഴിയുന്നുണ്ടെന്നായിരുന്നു വിവരം. ഒരു മാസത്തോളം മുമ്പ് ജലന്ധർ പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ ജയിലിലായിരുന്നു. വാർത്ത കേട്ട് ഞെട്ടിപ്പോയ കുടുംബാംഗങ്ങൾ പിറ്റേദിവസം ജയിലിലെത്തി രവി കുമാറിനെ നേരിൽ കണ്ടു. മകന് ജീവനോടെയുണ്ടെന്നറിഞ്ഞ സന്തോഷത്തിലാണ് ഇപ്പോൾ കുടുംബം.
അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലെ വീഴ്ചയും പോലീസിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നുള്ള ആശയക്കുഴപ്പവുമാണ് ഇത്രയും വലിയ അബദ്ധത്തിന് കാരണമായത്. സംസ്കരിച്ചത് ആരുടെ മൃതദേഹമാണ് എന്ന് ഇപ്പോഴും വ്യക്തമല്ല.







Comments