
ന്യൂഡൽഹി: കണ്ണൂരിലെ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സ്ഥാനാർത്ഥികളെക്കുറിച്ച് പരാതികളുണ്ടെങ്കിലും പാർട്ടി പ്രവർത്തകർ വോട്ട് മാറ്റി ചെയ്യുന്നത് ശരിയാണോയെന്ന് അദ്ദേഹം ചോദിച്ചു. സ്ഥാനാർത്ഥി ആരായാലും സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമെന്നാണ് പാർട്ടി പ്രവർത്തകരുടെ നിലപാടാകേണ്ടതെന്നും എം എ ബേബി വ്യക്തമാക്കി.
ഏത് സാഹചര്യത്തിലായാലും പാർട്ടിക്കെതിരെ നിൽക്കുന്നത് തെറ്റാണെന്ന് അണികൾ മനസിലാക്കണം. പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഉന്നയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിൽ തിരുത്തലുകൾ ഉണ്ടാകുമെന്ന് എം എ ബേബി വ്യക്തമാക്കി. പാർട്ടി പ്രവർത്തകർക്ക് തെറ്റ് സംഭവിച്ചെന്ന പിണറായി വിജയന്റെ നിലപാടിനെയും അദ്ദേഹം പിന്തുണച്ചു. ഇത്തരം സാഹചര്യങ്ങളിലേക്ക് നയിച്ചത് പാർട്ടി നിലപാടുകളാണോയെന്ന് പരിശോധിക്കും. ജനങ്ങൾക്കൊപ്പം നിന്ന് വിഷയങ്ങൾ മനസിലാക്കാനും പാർട്ടിയുടെ എല്ലാ തലങ്ങളിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കാനും പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പാർട്ടി ആന്തരിക ചികിത്സയിലാണെന്നും ചില ഘട്ടങ്ങളിൽ ചവിട്ടിപ്പിഴിയൽ വേണ്ടിവരുമെന്നും എം എ ബേബി പറഞ്ഞു. തിരുത്തലുകൾ ഉണ്ടാകുമെന്നും അത് തുടർച്ചയായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃമാറ്റം എന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണെന്നും എം എ ബേബി പറഞ്ഞു. പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയാക്കിയ ചില കാര്യങ്ങൾ പാർട്ടിയിലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Comments