
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിനുമെതിരെ നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി.
പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
അതേസമയം, ആരോപണവിധേയനായ പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണല് സ്റ്റാഫ് എന്ന രമ്യാ ഹരിദാസിന്റെ വാദം തെറ്റെന്ന് വ്യക്തമായിരുന്നു. രമ്യയുടെ സഹായിയായാണ് പ്രദീപ് പ്രവര്ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗത്തില് ഉള്പ്പെടെ പ്രദീപ് പങ്കെടുത്ത നടപടിയും വിവാദമാവുകയാണ്.
ചിറയന്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക യോഗത്തില് പാളയം പ്രദീപ് പങ്കെടുത്തത് ചട്ടവിരുദ്ധമായാണെന്ന് വിവരം വന്നിരുന്നു. രമ്യ ഹരിദാസിന്റെ സഹായി മാത്രമാണ് പാളയം പ്രദീപ്. ഔദ്യോഗിക പിഎയ്ക്ക് മാത്രമാണ് യോഗത്തില് പങ്കെടുക്കാന് അനുവാദമുള്ളത്.പാളയം പ്രദീപ് യോഗത്തില് പങ്കെടുത്തത് സജിത്ത് മുട്ടപ്പാലം ചോദ്യം ചെയ്തിരുന്നു. പ്രശ്നങ്ങള്ക്ക് തുടക്കമിട്ടത് എംഎല്എയുടെ അനുയായിയായ പാളയം പ്രദീപാണെന്ന് സജാദ് പറഞ്ഞിരുന്നു.







Comments