
ന്യൂഡൽഹി: സാമൂഹിക നീതിയും ക്ഷേമപദ്ധതികളും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനഫലവും പദ്ധതികളുടെ നിലവിലെ സ്ഥിതിയും യോഗത്തിൽ വിശദമായി പരിശോധിക്കും.
ഓരോ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തുന്നതിനൊപ്പം സഹമന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, സാമൂഹികനീതി-ശാക്തീകരണം, ആരോഗ്യം, നഗരവികസനം, കൃഷി തുടങ്ങിയ പ്രധാന മേഖലകളിലെ പ്രവർത്തന പുരോഗതിയും പരിശോധിക്കും.
സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അഴിമതിരഹിതമായും കാര്യക്ഷമമായും അർഹരായവരിലെത്തണമെന്നാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. പി.എം. ജൻധൻ യോജന, പി.എം. ഉജ്ജ്വല യോജന, പി.എം. ആവാസ് യോജന, ആയുഷ്മാൻ ഭാരത്, പി.എം. കിസാൻ, ജൽജീവൻ മിഷൻ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികളുടെ തൽസ്ഥിതിയും യോഗത്തിൽ വിലയിരുത്തും.
പദ്ധതികളുടെ ലക്ഷ്യപ്രാപ്തി, ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾ എന്നിവയ്ക്കും യോഗത്തിൽ പ്രാധാന്യം നൽകും. ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പുരോഗതിയും സമഗ്ര വികസനവും മുൻനിർത്തിയാകും മന്ത്രാലയങ്ങളുടെ പ്രകടനം വിലയിരുത്തുക.
പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ മാത്രം ഒതുങ്ങാതെ അവയുടെ കൃത്യമായ നടപ്പാക്കലും ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനവും ഉറപ്പാക്കണമെന്ന സന്ദേശം നൽകുന്നതാണ് യോഗത്തിന്റെ ലക്ഷ്യം.







Comments