
ചിലപ്പോൾ നമ്മൾ മിസ് ചെയ്യുന്നത് ഒരു രാജ്യമോ നഗരമോ വീടോ ആയിരിക്കില്ല... അവിടെ നമ്മളെ കാത്തിരിക്കുന്ന ചില മനുഷ്യരെയും അവരോടൊപ്പമുള്ള ചെറിയ ചെറിയ നിമിഷങ്ങളെയുമായിരിക്കും. കാനഡയിൽ കഴിയുന്ന ഇന്ത്യൻ യുവതി മാന്യയുടെ വാക്കുകൾ കേട്ടപ്പോൾ സോഷ്യൽ മീഡിയയിലെ പലർക്കും തോന്നിയതും ഇതുതന്നെ. ഇന്ത്യയെ മിസ് ചെയ്യുന്നുവെന്ന് പറയുമ്പോഴും, യഥാർഥത്തിൽ താൻ മിസ് ചെയ്യുന്നത് ആറ് പേരെയും ഒരു മുറിയെയുമാണെന്ന് മാന്യ പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.
അമ്മ അടുക്കളയിൽ പരാത്ത ഉണ്ടാക്കുന്ന സമയത്ത് രാവിലെ 11 മണിയോടെ അവിടെ ഇരിക്കുന്നത് മുതൽ അച്ഛൻ പത്രം വായിക്കുന്ന ശബ്ദം വരെ. വീട്ടിലെ സാധാരണ കാഴ്ചകളാണ് മാന്യയുടെ മനസിൽ ഇപ്പോൾ ഏറ്റവും വലിയ ഓർമ്മകളായി മാറിയിരിക്കുന്നത്. വീട്ടിലെ എല്ലാവരും മാറിമാറി ഇരിക്കാൻ വഴക്കിട്ടിരുന്ന ആ ഊഞ്ഞാലും അവൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാനഡയിൽ അമ്മയുടെ പരാത്ത പോലെ ഉണ്ടാക്കാനും, നാട്ടിലെ ഭക്ഷണത്തിന്റെ രുചി പുനഃസൃഷ്ടിക്കാനും, ദീപാവലി ആഘോഷിക്കാനും കഴിയുന്നുണ്ടെങ്കിലും, അതിനൊന്നും വീട്ടിലായിരിക്കുന്നതിന്റെ അതേ അനുഭവം നൽകുന്നില്ലെന്നാണ് മാന്യ പറയുന്നത്.
ഒരിക്കൽ താൻ പഴയ ഓർമ്മകളിൽ അമിതമായി കുടുങ്ങിപ്പോയോ എന്നും മാന്യ ചിന്തിച്ചിരുന്നു. എന്നാൽ പിന്നീട് അതിന്റെ കാരണം അവൾക്ക് മനസ്സിലായി. തനിക്ക് നഷ്ടമായത് ഇന്ത്യ എന്ന രാജ്യം മാത്രമല്ല; തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആറ് മനുഷ്യരും താൻ വളർന്ന ആ ഒരു മുറിയുമായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത തവണ ഇന്ത്യയിലെത്തുമ്പോൾ വലിയ യാത്രകളോ ഷോപ്പിങ്ങോ ഒന്നും വേണ്ടെന്നും, അമ്മ അനുവദിക്കുന്നിടത്തോളം നേരം രാവിലെ 11 മണിക്ക് അടുക്കളയിൽ അമ്മയ്ക്കൊപ്പം ഇരിക്കണമെന്നുമാണ് മാന്യയുടെ ആഗ്രഹം.
മാന്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വിദേശത്ത് കഴിയുന്ന നിരവധി പേരും സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുമ്പോൾ പലപ്പോഴും തങ്ങൾ മിസ് ചെയ്യുന്നത് രാജ്യമല്ല, വീട്ടിലെ മനുഷ്യരാണെന്ന് പലരും കുറിച്ചു. ദൂരങ്ങൾ കൂടുമ്പോഴാണ് വീട്ടിലെ ഏറ്റവും സാധാരണമായ കാഴ്ചകൾ പോലും എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നതെന്നും ചിലർ പറഞ്ഞു. വലിയ സ്വപ്നങ്ങൾ തേടി മറ്റൊരു രാജ്യത്തേക്ക് പോകുമ്പോഴും, മനസ്സിന്റെ ഒരു കോണിൽ നമ്മൾ ഉപേക്ഷിച്ചുപോരുന്ന ആ ചെറിയ ലോകം എന്നും അവിടെത്തന്നെയുണ്ടാകുമെന്ന ഓർമ്മപ്പെടുത്തലാണ് മാന്യയുടെ ഈ വൈറൽ വാക്കുകൾ.







Comments