
ആരക്കുന്നം : ആലപ്പുഴ വണ്ടാനം മെഡിക്കല് കോളജില് ചികിത്സയില് കഴിയുന്നതിനിടെ മരണമടഞ്ഞ ഇതര സംസ്ഥാനക്കാരന് ശിവകുമാറിന്റെ (55) മൃതദേഹം ഏറ്റെടുക്കാന് ബന്ധുക്കള് എത്തിയില്ല. പന്ത്രണ്ടു ദിവസം മെഡിക്കല് കോളജ് മോര്ച്ചറിയില് സൂക്ഷിച്ച മൃതദേഹം നിയമനടപടിക്രമങ്ങള് പൂര്ത്തിയാക്കി ആലപ്പുഴ വലിയ ചുടുകാട്ടില് ദഹിപ്പിച്ചു. യാക്കോബായ സഭ വൈദികന് ഫാ. അനില് മൂക്കനോട്ടിലാണ് ചിതയ്ക്കു തീ കൊളുത്തിയത്.
മുളന്തുരുത്തി പൈനുങ്കല്പ്പാറയില് കിടപ്പുരോഗികളെ സംരക്ഷിക്കുന്ന ബേത്ലഹേം ജെറിയാട്രിക് കെയര് ഹോം ഡയറക്ടര് കൂടിയാണ് ഫാ. അനില് മൂക്കനോട്ടില്. തിരുവനന്തപുരം മെഡിക്കല് കോളജില്നിന്നു ശിവകുമാറിനെ അധികൃതര് അനിലച്ചന്റെ കെയര് ഹോമിലെത്തിച്ചത് ഒരുവര്ഷം മുമ്പാണ്. ശാരീരിക രോഗങ്ങള്ക്കൊപ്പം മാനസിക രോഗാവസ്ഥയും അലട്ടിയതോടെ മാസങ്ങള്ക്കു മുമ്പ് ശിവകുമാറിനെ വണ്ടാനം മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. ചികിത്സ നടക്കുന്നതിനിടെയായിരുന്നു മരണം. തുടര്ന്ന് മോര്ച്ചറിയില് സൂക്ഷിച്ചിരുന്ന മൃതദേഹം സംബന്ധിച്ചു മാധ്യമങ്ങള് വഴി അറിയിപ്പു നല്കി. എന്നാല് 12 ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളാരും എത്തിയില്ല. തുടര്ന്നാണ് ഫാ. അനില് മൂക്കനോട്ടിലിന്റെ നേതൃത്വത്തില് വലിയ ചുടുകാട്ടില് മൃതദേഹം ദഹിപ്പിച്ചത്. ഇതിനുമുമ്പും ഫാ. അനില് ഇതര മതസ്ഥരുടെ മൃതദേഹങ്ങള് ആചാരപ്രകാരം സംസ്കരിച്ചിട്ടുണ്ട്.
സ്ത്രീപുരുഷ ഭേദമന്യേ 105 കിടപ്പുരോഗികളാണ് പൈനുങ്കല്പ്പാറ ജെറിയാട്രിക് കെയര് ഹോമിലുള്ളത്. തിരുവനന്തപുരം, ആലപ്പുഴ വണ്ടാനം, കളമശേരി തുടങ്ങിയ മെഡിക്കല് കോളജുകളില്നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആശുപത്രികളില്നിന്നും എത്തിയവരാണ് കെയര് ഹോമില് കൂടുതലായുമുള്ളത്. സുമനസുകളുടെ സഹായത്താലാണ് കെയര് ഹോമിന്റെ ദൈനംദിന പ്രവര്ത്തനം നടക്കുന്നത്.







Comments