
എണ്പതുകളില് മദ്രാസ് കേന്ദ്രീകരിച്ച് പൂവിട്ട മലയാള സിനിമയുടെ വസന്തകാലത്താണ് ഞാന് മമ്മുക്കായെ ആദ്യമായി കാണുന്നത്. 'ഓര്മയ്ക്കായി' എന്ന സിനിമയില് അഭിനയിക്കുന്നതിനായി മദ്രാസില് രഞ്ജിത് ഹോട്ടലില് താമസിക്കുന്ന കാലം. ഒരു ദിവസം നെടുമുടി വേണുവാണ് എന്നെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലേക്ക് വിളിച്ചത്. ഈ സിനിമയില് വേണുച്ചേട്ടനും അഭിനയിക്കുന്നുണ്ട്.
ഇടയ്ക്ക് ഞങ്ങളിങ്ങനെ ഒരുമിച്ച് കൂടാറുമുണ്ട്. നെടുമുടി വേണുവിന്റെ റൂമിലെത്തിയപ്പോഴാണ് അവിടെ അപരിചിതനായ ഒരാള് ഇരിക്കുന്നത് കണ്ടത്. 'ഇയാളെ പരിചയമുണ്ടോ'യെന്നായി വേണുചേട്ടന്. ഞാന് ഓര്മകളില് പരതി. പിടികിട്ടുന്നില്ല. അപ്പോള് വേണുച്ചേട്ടന് തന്നെ പരിചയപ്പെടുത്തി. ''ഇത് മമ്മൂട്ടി. 'മേള'യില് അഭിനയിച്ച നടനാണ്...'' അപ്പോഴാണ് രണ്ട് മൂന്ന് ലക്കം മുമ്പത്തെ നാനയില് ഇദ്ദേഹത്തിന്റെ ഫോട്ടോ കണ്ടതായി ഓര്ത്തത്. കെ. ജി. ജോര്ജിന്റെ മേള എന്ന സിനിമ റിലീസ് ചെയ്ത് മികച്ച രീതിയില് ഓടുന്നുണ്ടെങ്കിലും ഞാന് കണ്ടിരുന്നില്ല. പക്ഷേ, വേണുച്ചേട്ടന് ഓര്മപ്പെടുത്തിയതോടെ സിനിമാ വാരികയില് കണ്ട ഫോട്ടോ ഇദ്ദേഹത്തിന്റെതാണല്ലോയെന്ന് ഞാന് തിരിച്ചറിയുകയും ചെയ്തു.
1980ലാണ് മേള റിലീസായായതും ഞാന് മമ്മുക്കായെ പരിചയപ്പെട്ടതും. പിന്നിട്ടത് 46 വര്ഷങ്ങള്. ഇപ്പോഴും ഒരു ജ്യേഷ്ഠസഹോദരന്റെ സ്ഥാനമാണ് ഞാന് മമ്മുക്കായ്ക്ക് കല്പ്പിച്ചു നല്കിയിട്ടുള്ളത്. ഏത് കാര്യത്തെ കുറിച്ച് വേണമെങ്കിലും അഭിപ്രായം ചോദിക്കാം; എന്തിനെകുറിച്ചും തുറന്നു സംസാരി ക്കാം- അത്രമേല് സ്വാതന്ത്ര്യം നല്കി ഒരു അനിയനോടുള്ള എല്ലാ വാത്സല്യങ്ങളും നല്കിയാണ് മമ്മുക്ക ഇക്കാലമത്രയും ചേര്ത്തു നിര്ത്തിയത്. ഇട ക്കാലത്ത് സിനിമയ്ക്ക് ഇടവേള നല്കി ബിസിനസില് സജീവമായപ്പോഴും മമ്മുക്കയുമായുള്ള സ്നേഹബന്ധത്തിന് ഒരു തരത്തിലുള്ള ഇടിവും സംഭവി ച്ചില്ല.
മമ്മുക്കയുടെ വണ്ടിപ്രേമം പ്രശസ്തമാണല്ലോ. ഞാനും ഒരു തരക്കേടില്ലാത്ത വാഹനകമ്പക്കാരനാണ്. 1992- =93 കാലത്താണ് സിനിമയില് സജീവമായി നില്ക്കെ തന്നെ, ഞാന് ബിസിനസ് രംഗത്തേക്കു സജീവമായി ഇറങ്ങിത്തുടങ്ങിയത്. ഒരു ലാന്ഡ് ക്രൂസര് സ്വന്തമാക്കണമെന്ന ആഗ്രഹം വലിയ തോതില് മനസില് മുളപൊട്ടിയ കാലം. അത്തരമൊരു ആഡംബര വാഹനം സ്വന്തമാക്കാനുള്ള സാഹചര്യം ഇല്ലെന്ന ബോധ്യവും മനസിലുണ്ട്. ഒരു ദിവസം മമ്മുക്കയുമൊത്തിരിക്കവേ പുതിയ കാറിനെ കുറിച്ചായി സംസാരം. ബുക്ക് ചെയ്ത പുതുകാര് എത്തിയതിനെ കുറിച്ച് വര്ണിച്ച മമ്മുക്ക, നിലവില് അദ്ദേഹം ഉപയോഗിക്കുന്ന ലാന്ഡ് ക്രൂസര് എനിക്ക് തരാമെന്ന് പറഞ്ഞത് ഓര്ക്കാപ്പുറത്താണ്. ഇത്തരമൊരു കാര് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്രപെട്ടെന്ന് കൈയിലെത്തുമെന്ന് സ്വപ്നത്തില് പോലും കരുതിയിരുന്നില്ല. അതും വണ്ടി പ്രേമത്തില് പേരുകേട്ട മമ്മുക്ക ഉപയോഗിച്ച വാഹനം തന്നെ. ഒന്നും നോക്കിയില്ല, മമ്മുക്ക നിശ്ചയിച്ച വില തന്നെ നല്കി ലാന്ഡ് ക്രൂസറങ്ങ് സ്വന്തമാക്കി.
വാഹനം, അത് ഏതുമാകട്ടെ അതിനെകുറിച്ചുള്ള അറിവ് മമ്മുക്ക കഴിഞ്ഞേ മറ്റാര്ക്കും ഉണ്ടാവുകയുള്ളൂ. അത്രമേല് അഡ്വാന്സ്ഡ് ആണ് വാഹനകാര്യത്തില് അദ്ദേഹം. അതുകൊണ്ടുതന്നെ മമ്മുക്ക ഒരു വാഹനം നല്കുമ്പോള് അതിന്റെ വിലയുടെ കാര്യത്തിലൊന്നും ആലോചിക്കേണ്ടതേയില്ല. ആ കാര് ഒരു നിയോഗമെന്ന പോലെയാണ് എന്റെ കൈയില്കിട്ടിയതെന്ന് ഞാന് കരുതുന്നു. അതില്പിന്നെയാണ് ബിസിനസ് രംഗത്ത് മികച്ച നേട്ടം കൈവരിക്കാന് സാധിച്ചത്. തൊട്ടതെല്ലാം പൊന്നാകുന്ന സുവര്ണാവസരം ആ കാറിലൂടെ എന്നിലേക്കെത്തിയെന്ന് ഞാന് ഇപ്പോഴും വിശ്വസിക്കുന്നു. ഒരു ചെറു അപകടത്തിന് പോലും ഇടനല്കാതെയാണ് ആ ലാന്ഡ് ക്രൂയിര് എനിക്കൊപ്പം സഞ്ചരിച്ചത്.
മൈനിങ് മേഖലയിലാണ് ഞാന് ബിസിനസ് ചെയ്യുന്നത്. ഇത്തരം മേഖലകളിലൂടെ സഞ്ചരിക്കാന് എനിക്ക് ഏറെ ഗുണകരമായ വാഹനമായിരുന്നു ലാന്ഡ് ക്രൂസര്. മമ്മുക്ക എനിക്ക് കൈമാറിയ ആ വാഹനം 12 വര്ഷമാണ് ഞാന് സന്തതസഹചാരിയെപോലെ കൊണ്ടുനടന്നത്. 9369 ആയിരുന്നു നമ്പര്. 369 എന്നത് മമ്മുക്കയുടെ ഇഷ്ട നമ്പറാണെന്നത് പ്രശസ്തമാണല്ലോ. അതിന് മുന്നിലൊരു ഒന്പത് വന്നെന്നേയുള്ളൂ. അതുകൊണ്ട് തന്നെ ഈ കാറുമായി എവിടെ പോകുമ്പോഴും, മമ്മൂട്ടിയുടെ കാര് ആണോയെന്ന് പലരും ചോദിക്കും. ഒരു വ്യാഴവട്ടത്തിന് ശേഷം ഞാന് കാര് എന്റെ സുഹൃത്തിനു കൊടുത്തു. ഞാന് മമ്മുക്കയില്നിന്ന് എങ്ങനെയാണോ സ്വീകരിച്ചത്, അതേപോലെ കാര് ഇഷ്ടപ്പെട്ട ഒരു സുഹൃത്തിന്റെ ആഗ്രഹപ്രകാരം കൈമാറുകയായിരുന്നു.
അതിനുശേഷം ഒരിക്കല് മമ്മുക്ക കണ്ടപ്പോള് കാറിനെ കുറിച്ചു തിരക്കി. ''കാര് നഷ്ടപ്പെടുത്തരുത്; ദുല്ഖറിന് (സിനിമാ താരം ദുര്ഖര് സല്മാന്; മമ്മൂട്ടിയുടെ മകന്)ആവശ്യമുണ്ടാകും...'' എന്നു പറഞ്ഞു. അപ്പോഴാണ് ഞാന് കാര് സുഹൃത്തിന് കൈമാറിയ കാര്യം മമ്മുക്കയോട് പറഞ്ഞത്. തിരിച്ചുവാങ്ങിക്കണോയെന്നും തിരക്കി. ''വേണ്ട, അതവന് (ദുല്ഖര്) തന്നെ കണ്ടെത്തിക്കോളും...'' എന്നായിരുന്നു മമ്മുക്കയുടെ മറുപടി. ഏറെക്കാലം കഴിഞ്ഞില്ല. ബംഗളുരുവില്നിന്ന് ദുല്ഖര് ആ കാര് സ്വന്തമാക്കി. ഇന്ന് ദുല്ഖറിന്റെ ഗാരേജിലുണ്ട് 9369 എന്ന നമ്പറിലുള്ള, ഞാന് 12 വര്ഷം ഉപയോഗിച്ച, മമ്മുക്ക അതിനുമുമ്പെ സന്തത സഹചാരിയെ പോലെ കൊണ്ടുനടന്ന ആ ലാന്ഡ് ക്രൂസര് കാര്..!
രണ്ജി പണിക്കര് രചനയും സംവിധാനവും നിര്വഹിച്ച, 2008 ല് പുറത്തിറങ്ങിയ രൗദ്രം എന്ന സിനിമയില് മമ്മുക്കയ്ക്കൊപ്പം ഞാനും അഭിനയിച്ചിട്ടുണ്ട്. ഒരു ദിവസം ഷൂട്ടിങ് സെറ്റിലിരിക്കെ, മമ്മുക്ക കാറില് വന്നിറങ്ങി. താക്കോല് എനിക്ക് തന്നിട്ട്, ഓടിച്ചു നോക്കി വരാന് പറഞ്ഞു. ഞാന് കാറില് കയറി സ്റ്റാര്ട്ട് ചെയ്ത് റോഡിലേക്കിറങ്ങി. അത്രമേല് സുഖകരമായിരുന്നു ആ ഔഡി കാറിലുള്ള ഡ്രൈവിങ്. സുഖകരമായ യാത്രാനുഭവത്തോടെ തിരിച്ചെത്തി കാറിന്റെ താക്കോല് ഞാന് മമ്മുക്കയ്ക്ക് കൈമാറി. എങ്ങിനെയുണ്ട് ഡ്രൈവിങ് എന്നായി മമ്മുക്ക. ഗംഭീരമെന്നല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു. ''ഈ കാര് എടുക്കണ്ട; ഇതിന്റെ പുതിയ പതിപ്പ് ഔഡി 27 അടുത്തുതന്നെ പുറത്തിറങ്ങും. അതെടുത്തോ; കലക്കും...'' മമ്മുക്കയുടെ ഉപദേശത്തെ തുടര്ന്ന് അടുത്ത ഔഡി പതിപ്പ് ഇറങ്ങുംവരെ കാത്തിരുന്നു. അങ്ങിനെയെടുത്ത കാര് വര്ഷങ്ങളോളം ഞാന് ഉപയോഗിക്കുകയും ചെയ്തു.
തന്റെ വാഹനകമ്പം അടുത്തറിയാവുന്നതിനാല് തന്നെ പുതിയ വണ്ടികള് ഇറങ്ങുമ്പോഴൊക്കെയും മമ്മുക്ക അതേകുറിച്ച് വിശദീകരിക്കും. പുതിയ കാലത്ത് മാത്രമല്ല, ആദ്യകാല മദ്രാസ് ജീവിതഘട്ടത്തിലും ഇങ്ങനെതന്നെയായിരുന്നു. അന്നൊക്കെ ഞാന് മമ്മുക്കയ്ക്ക് ചിലകാര്യങ്ങളില് ഉപദേശം നല്കിയിട്ടുണ്ട്. അന്നത്തെ, അതായത് എണ്പതുകളിലെ സിനിമകള് കാണുമ്പോഴറിയാം, നമ്മുടെ നാട്ടിലെ ഏറ്റവും ആഡംബരം കൂടിയ കാര് എന്നത് കോണ്ടസയായിരുന്നു. മറ്റ് വിദേശ ആഡംബര കാറുകള് അന്നൊക്കെ ഇറക്കുമതി ചെയ്യുകയെന്നത് വലിയ പണച്ചെലവും നിയമക്കുരുക്കുകളും നിറഞ്ഞതായിരുന്നു. ഞാന് വാങ്ങിയ കോണ്ടസ കാറിന്റെ എഞ്ചിന് മാറ്റി ഡീസല് എഞ്ചിനാക്കി. അങ്ങിനെയൊരു ട്രെന്ഡ് അക്കാലത്ത് നാട്ടിലുണ്ടായിരുന്നു. ഇതേകുറിച്ച് ഞാനാണ് മമ്മുക്കയോട് സംസാരിച്ചത്. അങ്ങിനെ മമ്മുക്കയും അദ്ദേഹത്തിന്റെ കോണ്ടസ കാറില് ഡീസല് എഞ്ചിന് മാറ്റി സ്ഥാപിച്ചു. വാഹനങ്ങളുമായി ബന്ധപ്പെട്ട് എനിക്ക് ഉപദേശം നല്കിയ മറ്റൊരു താരം സുരേഷ്ഗോപിയാണ്.
മമ്മുക്കയൊക്കെ സിനിമയിലേക്ക് കടന്നുവന്ന കാലത്ത് അഭ്രപാളിയില് കത്തിനിന്ന മറ്റൊരു നടനാണ് സുകുമാരന്. അദ്ദേഹം എന്റെ വലിയമ്മയുടെ മകനായിരുന്നു. എന്റെ ജ്യേഷ്ഠനായിരുന്ന അദ്ദേഹം 49-ാം വയസില് അകാലത്തില് വേര്പിരിഞ്ഞതില്പിന്നെ മമ്മുക്കയെ ഞാന് അതേ സ്ഥാനത്ത് കണ്ടുതുടങ്ങി. നാലു പതിറ്റാണ്ടിലേറെ നീളുന്ന ആ ഉദാത്ത സൗഹൃദ ബന്ധത്തില് മമ്മുക്ക എനിക്കങ്ങനെ ജ്യേഷ്ഠതുല്ല്യ വ്യക്തിത്വമായി. മമ്മുക്ക 75-ാം പിറന്നാള് ആഘോഷിക്കുന്ന ഇന്നും ആ സൗഹൃദം അതേ തീവ്രതയോടെ തന്നെ തുടരുന്നു. ബിസിനസ് രംഗത്ത് തുടരുമ്പോള് തന്നെ ഞാനും സിനിമയില് സജീവമായി തുടങ്ങിയ കാലം കൂടിയാണിത്. രണ്ട് സിനിമകള് ചിത്രീകരണം പൂര്ത്തിയായി റിലീസിന് തയ്യാറായി കഴിഞ്ഞു. പുറമേക്ക് പരുക്കനായി പലരും പറയാറുള്ള മമ്മുക്കയെ അടുത്തറിയുമ്പോഴാണ് പകരം വയ്ക്കാനില്ലാത്ത ആ സ്നേഹവായ്പുകള് അനുഭവിച്ചറിയാന് സാധിക്കുക. അത്രമേല് നന്മ നിറഞ്ഞ മമ്മുക്കയ്ക്ക് ഒരായിരം ജന്മദിനാശംസകള്..! മലയാള സിനിമയില് ഇനിയും വര്ഷങ്ങളോളം മികച്ച കഥാപാത്രങ്ങളിലൂടെ നിറഞ്ഞു നില്ക്കാന് അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു..!!
* തയാറാക്കിയത്: ജിനേഷ് പൂനത്ത്







Comments