
ചില അനുഭവങ്ങൾ ഒരു യാത്രയുടെ ഓർമ്മയായി മാത്രം അവശേഷിക്കില്ല, മനസ്സിൽ ആഴത്തിൽ പതിഞ്ഞുനിൽക്കുന്ന നിമിഷങ്ങളായി മാറും. ഇന്ത്യയുടെ സംസ്കാരവും വിശ്വാസങ്ങളും അടുത്തറിയാൻ എത്തുന്ന വിദേശികൾക്ക് ഗംഗയുമായുള്ള കൂടിക്കാഴ്ച പലപ്പോഴും അത്തരമൊരു അനുഭവമാണ്. ഇപ്പോഴിതാ, ഗംഗയിൽ മുങ്ങിയ അനുഭവം പങ്കുവെച്ച് ജപ്പാൻ അംബാസഡർ ഒനോ കെയ്ച്ചിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ജന്മാഷ്ടമി വാരാന്ത്യത്തിലാണ് ഇന്ത്യയിലെ ജപ്പാൻ അംബാസഡറായ ഒനോ കെയ്ച്ചി ഋഷികേശിലെ ഗംഗയിൽ പുണ്യസ്നാനം നടത്തിയത്. ഒരുതവണയല്ല, മൂന്ന് തവണയാണ് അദ്ദേഹം ഗംഗയിൽ പൂർണമായി മുങ്ങിയത്. ഗംഗയിൽ ഇറങ്ങി ചങ്ങലയിൽ പിടിച്ചുനിന്ന് മുങ്ങുന്ന ദൃശ്യങ്ങളും നദിക്കരയിൽ നിന്നുള്ള സെൽഫിയും ആരതിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ആളുകൾക്കിടയിൽ ഗംഗയിൽ മുങ്ങിയത് തനിക്ക് ആഴത്തിലുള്ള ആത്മീയ ബന്ധം അനുഭവപ്പെടാൻ കാരണമായെന്ന് അംബാസഡർ പറഞ്ഞു. അത്ഭുതം, വിനയം, നന്ദി എന്നീ വികാരങ്ങളാണ് ആ നിമിഷത്തിൽ തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഗംഗയിലെ അനുഭവം ‘മറക്കാനാകാത്ത നിമിഷം’ ആയിരുന്നുവെന്നും ഒനോ കെയ്ച്ചി കുറിച്ചു. ഗംഗാ തീരത്ത് വിളക്ക് തെളിയിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അംബാസഡറുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ സംഭവം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടി. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തോട് വിദേശ നയതന്ത്ര പ്രതിനിധികൾ കാണിക്കുന്ന താൽപര്യത്തിന്റെ മറ്റൊരു ഉദാഹരണമായാണ് പലരും ഇതിനെ കാണുന്നത്. ഭക്ഷണവും സംസ്കാരവും ആചാരങ്ങളും ഉൾപ്പെടെ ഇന്ത്യയുടെ വൈവിധ്യം അടുത്തറിയുന്ന ഒനോ കെയ്ച്ചിയുടെ അനുഭവങ്ങളിൽ ഗംഗയിലെ ഈ മുങ്ങലും ഇപ്പോൾ വേറിട്ടൊരു ഓർമ്മയായി മാറിയിരിക്കുകയാണ്.







Comments