
ചില ഫോൺവിളികൾ അവസാനിക്കുമ്പോൾ നമ്മൾ കരുതുക അത് മറ്റൊരു സാധാരണ സംഭാഷണത്തിന്റെ അവസാനമാണെന്നാണ്. എന്നാൽ ചില വാക്കുകൾ പിന്നീടൊരിക്കലും മറക്കാനാകാത്തവയായി മാറും. ജമ്മു കശ്മീരിലെ ദോഡയിൽ നിന്നുള്ള 21കാരിയായ യുവതിയുടെ അവസാന ഫോൺവിളിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ വലിയ വേദനയാകുന്നത്. ചെനാബ് നദിയിലേക്ക് യുവതി ചാടിയതിന് പിന്നാലെ പോലീസ്, എസ്ഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
പായൽ ദേവിയെന്ന യുവതിയാണ് ദോഡയിലെ പ്രേം നഗറിന് സമീപമുള്ള ശിവ ദാൽ പാലത്തിൽ നിന്ന് ചെനാബ് നദിയിലേക്ക് ചാടിയതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സംഭവത്തിന് തൊട്ടുമുമ്പ് പാലത്തിന് സമീപമുണ്ടായിരുന്നവർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായി പറയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ എന്താണ് യുവതിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല.
പായലിന്റെ പിതാവ് കൃഷ്ണ ലാലിന്റെ മൊഴി പ്രകാരം, അന്ന് ഒരു പ്രാദേശിക മേളയിൽ പോയ ശേഷം യുവതി തനിക്ക് സുഖമില്ലെന്നും ഡോക്ടറെ കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് കൂടെയുണ്ടായിരുന്ന ഒരാൾ പായൽ പെട്ടെന്ന് നദിയുടെ ഭാഗത്തേക്ക് ഓടിപ്പോയതായി പിതാവിനെ അറിയിച്ചു. ഫോണിൽ മകളോട് സംസാരിച്ച പിതാവ് എന്താണ് സംഭവിച്ചതെന്നും ആരെങ്കിലും എന്തെങ്കിലും ചെയ്തോയെന്നും ചോദിച്ചെങ്കിലും, ആരും തന്നെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പായൽ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ‘ഇത് എന്റെ ജീവിതമാണ്’ എന്ന രീതിയിൽ സംസാരിച്ച ശേഷം ‘ബൈ ബൈ പപ്പാ’ എന്ന് പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചതെന്നും പിതാവ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്) അംഗങ്ങൾ, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ചേർന്ന് ചെനാബ് നദിയിൽ തിരച്ചിൽ ആരംഭിച്ചു. ശക്തമായ ഒഴുക്കും ദുർഘടമായ ഭൂപ്രദേശവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പായലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല, തിരച്ചിൽ തുടരുകയാണ്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.







Comments