
അയൽവാസികളുടെ വിശേഷങ്ങൾ അറിയാൻ പലർക്കും വലിയ താൽപര്യമാണ്. എന്നാൽ കൊളംബിയയിലെ അർമേനിയ സ്വദേശിയായ 67കാരി മിറിയം ആ താൽപര്യത്തെ തന്നെ ഒരു ബിസിനസാക്കി മാറ്റിയിരിക്കുകയാണ്. അയൽപക്കത്ത് നടക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കുകയും അത് അറിയാൻ താൽപര്യമുള്ളവർക്ക് പണത്തിന് പറഞ്ഞുകൊടുക്കുകയുമാണ് മിറിയം ചെയ്യുന്നത്. പ്രണയപ്രശ്നങ്ങൾ മുതൽ രഹസ്യബന്ധങ്ങൾ, വഴക്കുകൾ, അയൽപക്കത്തെ ചെറിയ സംഭവങ്ങൾ വരെ അവളുടെ ‘ഗോസിപ്പ്’ ശേഖരത്തിലുണ്ട്. ഗോസിപ്പ് പറയുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും അതാണ് തന്റെ വരുമാനമാർഗമായി മാറിയതെന്നും മിറിയം പറയുന്നു.
ചെറിയ വിശേഷങ്ങൾക്ക് ഏതാനും ആയിരം കൊളംബിയൻ പെസോ മുതൽ കൂടുതൽ തുക വരെയാണ് മിറിയം ഈടാക്കുന്നത്. കൂടുതൽ സെൻസിറ്റീവായ വിവരങ്ങൾക്ക് വിലയും കൂടും. ഒരിക്കൽ, യാത്ര പോകുന്ന ഭാര്യയെ വഞ്ചിക്കുന്നതായി ആരോപിക്കപ്പെട്ട ഒരാളെക്കുറിച്ചുള്ള വിവരം പുറത്തുപറയാതിരിക്കാൻ സമ്മതിച്ചതിന് 7 ലക്ഷം കൊളംബിയൻ പെസോ വരെ ലഭിച്ചിട്ടുണ്ടെന്നും മിറിയം പറയുന്നു. വിവരങ്ങൾ മറന്നുപോകാതിരിക്കാൻ അവൾ ഒരു നോട്ട്ബുക്കിൽ കാര്യങ്ങൾ കുറിച്ചുവെക്കുകയും അയൽവാസികളുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന ഒരു സ്വകാര്യ ശേഖരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
താൻ മികച്ച രീതിയിൽ ആളുകളെ നിരീക്ഷിക്കുന്നതാണ് തന്റെ പ്രധാന കഴിവെന്നാണ് മിറിയത്തിന്റെ അവകാശവാദം. വീടിന് പുറത്തിരുന്ന് ചുറ്റുപാടുകളിലെ കാര്യങ്ങൾ ശ്രദ്ധിക്കുകയും ആളുകളുടെ സംഭാഷണങ്ങൾ കേൾക്കുകയും ചെയ്താണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം ദൈനംദിന ചെലവുകൾക്കു മാത്രമല്ല, രണ്ട് വീടുകൾ വാങ്ങാൻ പോലും സഹായിച്ചുവെന്നാണ് മിറിയം പറയുന്നത്. ഗോസിപ്പ് പറയുന്നതിലെ കഴിവ് കാരണം അയൽവാസികൾക്കിടയിൽ തനിക്ക് ‘ഗോസിപ്പിന്റെ റാണി’ എന്ന വിളിപ്പേര് ലഭിച്ചതായും അവർ പറയുന്നു.
എന്നാൽ മിറിയത്തിന്റെ ഈ വിചിത്ര ബിസിനസിനെ എല്ലാവരും ഒരുപോലെ സ്വീകരിച്ചിട്ടില്ല. ചില അയൽവാസികൾ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുവെന്ന് ആരോപിച്ച് വിമർശിച്ചിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ എതിർത്തിരുന്നവർ പോലും പിന്നീട് തങ്ങളുടെ ചുറ്റുപാടുകളിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ വീണ്ടും തന്നെ സമീപിക്കാറുണ്ടെന്നാണ് മിറിയത്തിന്റെ വാദം. ‘ഗോസിപ്പാണ് എന്റെ ജീവിതം’ എന്ന നിലപാടിലാണ് ഈ 67കാരി. കൗതുകവും നിരീക്ഷണശേഷിയും ഉപയോഗിച്ച് രണ്ട് വീടുകൾ സ്വന്തമാക്കിയെന്ന അവകാശവാദമാണ് ഇപ്പോൾ മിറിയത്തിന്റെ കഥയെ സോഷ്യൽ മീഡിയയിലെ ഏറ്റവും വ്യത്യസ്തമായ വൈറൽ വാർത്തകളിലൊന്നാക്കി മാറ്റുന്നത്.







Comments