
ലണ്ടന്: വമ്പന് ലോട്ടറിയടിച്ച യുവതി തനിക്ക് കിട്ടിയ കോടികളുടെ പകുതിയും പാവപ്പെട്ടവര്ക്ക് ദാനം ചെയ്തു. വലിയൊരു യൂറോമില്യണ്സ് ജാക്ക്പോട്ട് നേടിയ മുന് സോഷ്യല് വര്ക്കറും അധ്യാപികയുമായ ഫ്രാന്സെസ് കോണലിയാണ് തനിക്ക് കിട്ടിയ ഭാഗ്യത്തില് പകുതി പ്രാദേശിക സമൂഹങ്ങളെ സഹായിക്കാനായി ഉപയോഗപ്പെടുത്തിയത്.
2019-ല് ഭര്ത്താവ് പാഡ്ഡിക്കൊപ്പം 115 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 1,470 കോടി രൂപ) സമ്മാനമായി നേടിയ ഈ വനിത കുടുംബത്തിന്റെ അത്യാവശ്യ കാര്യങ്ങള് ഒഴിച്ചു ബാക്കി പണം ദാനം ചെയ്യുകയായിരുന്നു. ഇതിഹാസ ഗായിക ഡോളി പാര്ടനാണ് ഈ ജീവകാരുണ്യ പ്രവര്ത്തനങ്ങളില് തനിക്ക് പ്രചോദനം എന്ന് അവര് പറഞ്ഞു.
അതീവ സമ്പന്നരായിട്ടും, ഫ്രാന്സെസ് കോണലിയും ഭര്ത്താവും നോര്ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില് താരതമ്യേന ലളിതമായ ജീവിതമാണ് നയിക്കുന്നത്. നല്ല കാര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി അവള് ഒരു ചാരിറ്റബിള് ട്രസ്റ്റും സ്ഥാപിച്ചു. മൊത്തം സമ്മാനത്തുകയുടെ ഏകദേശം 632.5 കോടി രൂപ അവര് ജീവകാരുണ്യത്തിനായി നല്കി. സമ്പത്ത് വലിയ രീതിയില് കൂടിയെങ്കിലും നോര്ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില് വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. സെക്കന്ഡ് ഹാന്ഡ് വാച്ചുകളും കാറുകളും പോലുള്ള പ്രീ-ഓണ്ഡ് ആഡംബര വസ്തുക്കളാണ് ഇവര് ഇപ്പോഴും തെരഞ്ഞെടുക്കുന്നത്.
ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, അവര് വടക്കേ അയര്ലണ്ടിലാണ് വളര്ന്നത്. അവിടെ അവര് ചെറുപ്പം മുതലേ മറ്റുള്ളവരെ സഹായിച്ചിരുന്നു. പിന്നീട് 1990-ല് ജോലിക്കായി ഹാര്ട്ട്പൂളിലേക്ക് മാറിയ അവര്, ഒന്നോ രണ്ടോ വര്ഷം മാത്രം നില്ക്കാനാണ് ഉദ്ദേശിച്ചതെങ്കിലും 25 വര്ഷത്തിലേറെക്കാലം അവിടെ താമസിച്ചു.







Comments