
വലിയ തുക മുടക്കി ഒരു വീട് സ്വന്തമാക്കുമ്പോൾ മികച്ച സൗകര്യങ്ങളും വൃത്തിയുള്ള പരിസരവും സുരക്ഷിതമായ ജീവിതവുമൊക്കെയാണ് എല്ലാവരും പ്രതീക്ഷിക്കുക. എന്നാൽ കോടികൾ വിലയുള്ള ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന ഹൈറൈസ് സൊസൈറ്റിയുടെ പ്രവേശന കവാടത്തിന്റെ അവസ്ഥ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ വഴിയിലൂടെ വേണം താമസക്കാർക്ക് സ്വന്തം വീടുകളിലേക്ക് എത്താൻ.
നിധി സിങ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ സൊസൈറ്റിയുടെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചത്. ചുറ്റും നിരവധി ഹൈറൈസ് കെട്ടിടങ്ങളാണ് കാണുന്നത്. ഇതിനിടയിൽ സൊസൈറ്റിയിലേക്കുള്ള പ്രവേശനകവാടം ചെളിയും വെള്ളവും നിറഞ്ഞ് കിടക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. “ഒരു കോടി രൂപയിൽ താഴെ വിലയുള്ള ഒരു ഫ്ലാറ്റ് പോലും ഇവിടെയില്ല. ഞങ്ങൾ 1.25 കോടി മുതൽ 1.5 കോടി രൂപ വരെ മുടക്കിയാണ് ഫ്ലാറ്റ് വാങ്ങിയത്. എന്നാൽ ചെളിയിലും വെള്ളത്തിലും ചവിട്ടാതെ സൊസൈറ്റിയിലേക്ക് പ്രവേശിക്കാനാകാത്ത അവസ്ഥയാണ്,” എന്നാണ് യുവതി പറയുന്നത്.
പ്രദേശത്ത് നിരവധി പുതിയ കെട്ടിടങ്ങളുടെ നിർമാണം നടക്കുന്നതും യുവതി വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 30 നിലകളുള്ള പുതിയ കെട്ടിടം ഉൾപ്പെടെ ചുറ്റും ഹൈറൈസുകൾ ഉയരുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സൊസൈറ്റിയുടെ പ്രവേശനഭാഗം അവഗണിക്കപ്പെടുകയാണെന്നാണ് യുവതിയുടെ പരാതി. വലിയ തുക മുടക്കി വീട് വാങ്ങിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്തതിനെ ചോദ്യം ചെയ്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി.
വിലകൂടിയ ഫ്ലാറ്റുകൾ എന്നത് മാത്രം കൊണ്ട് മികച്ച ജീവിതസൗകര്യങ്ങൾ ഉറപ്പാകില്ലെന്ന ചർച്ചയ്ക്കും വീഡിയോ വഴിവെച്ചിരിക്കുകയാണ്. വീടിന്റെ വിലയ്ക്കൊപ്പം റോഡ്, വെള്ളക്കെട്ട്, പ്രവേശനമാർഗം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. ആഡംബര ഹൈറൈസുകളുടെ പുറംകാഴ്ചയും യഥാർഥ ജീവിതത്തിലെ അടിസ്ഥാന സൗകര്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ഈ വീഡിയോ വീണ്ടും ചർച്ചയാക്കുന്നത്.







Comments