
പ്രസവാനന്തരം തനിക്ക് വലിയ തോതിൽ സോഷ്യൽ മീഡിയ ട്രോളുകൾ നേരിടേണ്ടി വന്നതായി ബോളിവുഡ് നടി ബിപാഷ ബസു. എല്ലി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിപാഷ തന്റെ അനുഭവം പങ്കുവെച്ചത്.
പ്രസവശേഷം സ്ത്രീ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹം ഇന്നും തയ്യാറല്ലെന്ന് ബിപാഷ ചൂണ്ടിക്കാട്ടി. ഉടൻ തന്നെ പഴയ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്നാണ് സ്ത്രീകളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്നും ബിപാഷ പറഞ്ഞു. 40കളിലുള്ള സ്ത്രീകളും 20കളിലെ ശരീരഘടനയിലേക്ക് തിരിച്ചെത്തണമെന്ന വാദം ശരിയല്ലെന്നും അതിന് സാധിച്ചില്ലെങ്കിൽ കടുത്ത ട്രോളിങ്ങിന് ഇരയാകേണ്ടിവരുമെന്നും അവർ വ്യക്തമാക്കി.
2022 നവംബർ 12-നാണ് ബിപാഷ ബസുവിനും നടൻ കരൺ സിങ് ഗ്രോവറിനും പെൺകുഞ്ഞ് പിറന്നത്. പ്രസവശേഷം തനിക്ക് വലിയ തോതിൽ ട്രോളുകൾ നേരിടേണ്ടി വന്നതായും ബിപാഷ പറഞ്ഞു. ചില പാപ്പരാസികൾ വളരെ മോശമായ രീതിയിൽ തന്റെ ചിത്രങ്ങൾ പകർത്തിയെന്നും അവർ ആരോപിച്ചു. ഒരു കുഞ്ഞിനെയും കുടുംബത്തെയും നോക്കുന്നതിനൊപ്പം വ്യക്തിപരമായ സമ്മർദ്ദങ്ങളും ജീവിതശൈലിയും കൈകാര്യം ചെയ്യാൻ ഒരു സ്ത്രീ എത്രത്തോളം പരിശ്രമിക്കുന്നുണ്ടെന്ന് ആരും കാണുന്നില്ലെന്ന് ബിപാഷ പറഞ്ഞു. പ്രസവം കഴിഞ്ഞയുടൻ എല്ലാവർക്കും വേണ്ടത് സ്ത്രീ പഴയ രൂപത്തിലേക്ക് തിരികെയെത്തണം എന്ന് മാത്രമാണ്.
എന്നാൽ ഇത്തരം അധിക്ഷേപങ്ങൾക്കൊന്നും തന്നെ തകർക്കാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി. താൻ വളരെയധികം ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തൻ്റെ മുന്നോട്ടുള്ള യാത്രയെ ബാധിക്കില്ലെന്നും ബിപാഷ കൂട്ടിച്ചേർത്തു.







Comments