
ന്യൂയോര്ക്ക്: യു.എസ് ഓപ്പണില് അമേരിക്കന് താരം ടെയ്ലര് ടൗണ്സെണ്ടിനെ 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്ക്ക് പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര് താരം അരിന സബലെങ്ക തുടര്ച്ചയായ ആറാം തവണയും ടൂര്ണമെന്റിന്റെ ക്വാര്ട്ടര് ഫൈനലില് പ്രവേശിച്ചു. 2011-2016 കാലഘട്ടത്തില് സെറീന വില്യംസ് കൈവരിച്ച നേട്ടത്തിന് സമാനമാണിത്.
ഈ വിജയത്തോടെ യു.എസ് ഓപ്പണിലെ സബലെങ്കയുടെ വിജയക്കുതിപ്പ് 17 മത്സരങ്ങളായി നീണ്ടു. ന്യൂയോര്ക്കില് തുടര്ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് താരം മുന്നേറുന്നത്. തകര്പ്പന് ഫോമില് തുടരുന്ന സബലെങ്ക കടുത്ത പോരാട്ടത്തിനൊടുവിലാണ് ടൗണ്സെണ്ടിനെ കീഴടക്കിയത്. യു.എസ് ഓപ്പണിലെ അവസാന 24 മത്സരങ്ങളില് 23-ലും സബലെങ്ക വിജയം കണ്ടു. 2023-ലെ ഫൈനലില് കോക്കോ ഗൗഫിനോടേറ്റ തോല്വി മാത്രമാണ് ഇതിനിടയിലെ ഏക തിരിച്ചടി. 2026-ലെ സീസണിലെ താരത്തിന്റെ 44-ാം വിജയമാണിത്.
ആദ്യ സെറ്റില് തുടര്ച്ചയായ ഗെയിമുകളില് താരങ്ങള് പരസ്പരം സര്വീസ് നഷ്ടപ്പെടുത്തി. കടുത്ത മത്സരത്തിനൊടുവില് ഒടുവില് ആദ്യ സെറ്റ് 43 മിനിറ്റില് 6-4 എന്ന സ്കോറിന് സബലെങ്ക സ്വന്തമാക്കി. രണ്ടാം സെറ്റിലും ടൗണ്സെണ്ട് ശക്തമായ ചെറുത്തുനില്പ്പുമായി മുന്നിലെത്തിയെങ്കിലും, പിന്നീട് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ സബലെങ്ക 6-3 എന്ന സ്കോറില് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. 11-ാം സീഡ് മാര്ത്ത കോസ്റ്റ്യുക്ക്, ആറാം സീഡ് ലിന്ഡ നോസ്കോവ എന്നിവരില് വിജയികളാകുന്നവരുമാകും ക്വാര്ട്ടര് ഫൈനലില് സബലെങ്കയുടെ എതിരാളി.







Comments