
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാളയം പ്രദീപിന് ഔദ്യോഗിക പദവി നൽകാൻ വീണ്ടും ഇടപെട്ട് രമ്യ ഹരിദാസ് എംഎൽഎ. പ്രദീപിനെ തന്റെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായി (പിഎ) 2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി.മെയ് 21 മുതൽ പ്രദീപ് തനിക്കൊപ്പമുണ്ടെന്ന വിശദീകരണമാണ് നിയമനത്തിനായി എംഎൽഎ മുന്നോട്ടുവെച്ചത്.
പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴ് സംഘർഷത്തെ തുടർന്ന് കെപിസിസി പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ശക്തമായ എതിർപ്പിനിടയിലും പ്രദീപിന് ഔദ്യോഗിക പദവി ഉറപ്പാക്കാനുള്ള നീക്കവുമായി രമ്യ രംഗത്തെത്തിയിരിക്കുകയാണ്.
നേരത്തെ ഇതേ ആവശ്യവുമായി രമ്യ സ്പീക്കറുടെ ഓഫീസിനെ സമീപിച്ചിരുന്നു. എന്നാൽ എംഎൽഎമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകൾ നിയമസഭാ സെക്രട്ടറിക്കാണ് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച നിയമസഭാ സെക്രട്ടറിക്ക് രമ്യ കത്ത് നൽകിയത്.







Comments