
തിരുവനന്തപുരം: കേരളത്തിൽ ജാതിചിന്ത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തുള്ളവർക്ക് പോലും ഇപ്പോൾ ജാതിയുടെ പേരിലുള്ള ബന്ധങ്ങളിലേക്ക് പോകേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിപിഐക്ക് ഒരു ഘട്ടത്തിലും അത്തരം ബന്ധങ്ങൾ വേണ്ടിവന്നിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നുവെന്ന് പറയുന്നവരിൽ പോലും ജാതീയ ചിന്തകൾ പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കാന്തപുരമോ വെള്ളാപ്പള്ളിയോ അല്ല, ജാതീയതയ്ക്കെതിരെ സംസാരിച്ചത് കാൾ മാർക്സാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
നിലവിലെ സംവാദങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീപക്ഷ നിലപാടിലാണ്. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐക്ക് പിടിവാശിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദവി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. വിഷയത്തിൽ സിപിഎം ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടത് ഐക്യത്തിന് വലിയ പ്രാധാന്യമുണ്ട്. അതിന്റെ മഹത്ത്വം ഉൾക്കൊള്ളാൻ സിപിഐക്ക് കഴിയുമെന്നും സിപിഎമ്മിനും അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.







Comments