
വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നത് പലർക്കും സ്വപ്നതുല്യമായ സൗകര്യമാണ്. ഓഫീസിലേക്ക് പോകേണ്ട, യാത്രയുടെ സമയവും ചെലവും ലാഭിക്കാം, വീട്ടിലെ സൗകര്യത്തിൽ ജോലി ചെയ്യാം. എന്നാൽ എല്ലാവർക്കും വർക്ക് ഫ്രം ഹോം അത്ര സുഖകരമാകണമെന്നില്ല. രണ്ടാഴ്ച തുടർച്ചയായി വീട്ടിലിരുന്ന് ജോലി ചെയ്തതിന് പിന്നാലെ തന്റെ തലച്ചോർ തന്നെ ‘ഫ്രൈ’ ആയിപ്പോയെന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് പൂനെയിലെ ഒരു യുവതി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
രണ്ടാഴ്ച വീട്ടിൽ നിന്ന് ജോലി ചെയ്തതോടെ ജോലി ചെയ്യുന്നതും വ്യക്തിജീവിതവും തമ്മിലുള്ള അതിർത്തി തന്നെ ഇല്ലാതായതായി യുവതി പറയുന്നു. ഓഫീസിലേക്ക് പോകുമ്പോൾ ജോലിക്ക് ഒരു തുടക്കവും അവസാനവും ഉണ്ടാകും. എന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ രാവിലെ കമ്പ്യൂട്ടർ തുറന്നാൽ പിന്നെ ജോലി അവസാനിപ്പിക്കാൻ പോലും ബുദ്ധിമുട്ടാണ്. ജോലി ചെയ്യുന്ന സ്ഥലവും വിശ്രമിക്കുന്ന സ്ഥലവും ഒരേ ഇടമായതോടെ മാനസികമായി ഒരു മാറ്റം അനുഭവപ്പെടുന്നില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ തുടർച്ചയായ വർക്ക് ഫ്രം ഹോം തനിക്ക് കൂടുതൽ ക്ഷീണവും മാനസിക സമ്മർദവും ഉണ്ടാക്കിയെന്നാണ് അവരുടെ അഭിപ്രായം.
അതേസമയം, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ സൗകര്യങ്ങൾ യുവതി പൂർണമായി തള്ളിക്കളയുന്നില്ല. യാത്ര ചെയ്യേണ്ടതില്ലാത്തത്, വീട്ടിലെ സൗകര്യങ്ങൾ ആസ്വദിക്കാനാകുന്നത് തുടങ്ങിയ കാര്യങ്ങൾ തീർച്ചയായും ഗുണകരമാണ്. എന്നാൽ ദിവസങ്ങളോളം വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യുമ്പോൾ ആളുകളുമായുള്ള നേരിട്ടുള്ള ഇടപെടലും ജോലി സ്ഥലത്തെ അന്തരീക്ഷവും നഷ്ടപ്പെടുന്നതായി തോന്നിയെന്നും അവർ പറയുന്നു. ഓഫീസിൽ സഹപ്രവർത്തകരുമായി സംസാരിക്കുന്നതും ജോലി സംബന്ധമായ കാര്യങ്ങൾ നേരിട്ട് ചർച്ച ചെയ്യുന്നതും തനിക്ക് കൂടുതൽ ഉന്മേഷം നൽകുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.
അതിനാലാണ് പൂർണമായും വീട്ടിലിരുന്നുള്ള ജോലിയേക്കാൾ ഹൈബ്രിഡ് രീതിയോടാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും യുവതി പറയുന്നത്. ആഴ്ചയിലെ ചില ദിവസങ്ങളിൽ ഓഫീസിലെത്തുകയും ബാക്കി ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുകയും ചെയ്യുന്നത് ഇരുവശത്തെയും സൗകര്യങ്ങൾ ഒരുമിച്ച് നൽകുന്നുവെന്നാണ് അവരുടെ അഭിപ്രായം. ‘വർക്ക് ഫ്രം ഹോം’ എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ലെന്ന യുവതിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നവരും ഓഫീസിലെത്തുന്നതാണ് നല്ലതെന്ന് കരുതുന്നവരും അഭിപ്രായങ്ങളുമായി രംഗത്തെത്തിയതോടെ പോസ്റ്റും വൈറലായി.







Comments