
ഡല്ഹി: സത്യനികേതനില് ദാരുണമായ കെട്ടിടത്തകര്ച്ചയുണ്ടായ സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷാ നടപടികളിലേക്ക് കടന്ന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്. ദുരന്തത്തിന്റെ പശ്ചാത്തലത്തില് ഡല്ഹിയിലെ പഴക്കം ചെന്ന കെട്ടിടങ്ങളില് വ്യാപകമായ പരിശോധന നടത്താന് തീരുമാനമായി. ഡല്ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള അമ്പത് വര്ഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങളില് കര്ശന സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന കേന്ദ്ര നഗരകാര്യ, ഭവന മന്ത്രി മനോഹര് ലാല് ഖട്ടാര് പ്രഖ്യാപിച്ചു.
കെട്ടിടം തകര്ന്ന സംഭവത്തില് കൂടുതല് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്യാന് നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള കെട്ടിട ഉടമ ഹരിറാമിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. അനധികൃത കെട്ടിടം പ്രവര്ത്തിക്കുന്നതിന് മുനിസിപ്പല് ഉദ്യോഗസ്ഥര് ഇടനിലക്കാരായി പ്രവര്ത്തിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്. 26 മണിക്കൂര് നീണ്ടുനിന്ന എന്.ഡി.ആര്.എഫിന്റെ രക്ഷാപ്രവര്ത്തനം അവസാനിച്ചു. 12 പേരെ രക്ഷപ്പെടുത്തിയെങ്കിലും 7 പേരുടെ ജീവന് നഷ്ടപ്പെട്ടു.
ദുരന്തത്തില് ജീവന് നഷ്ടപ്പെട്ടവര്ക്കും പരിക്കേറ്റവര്ക്കും അടിയന്തരമായി നഷ്ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്ത്ഥി സംഘടനകള് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡല്ഹിയിലെ മുഴുവന് പി.ജി കെട്ടിടങ്ങളും സമഗ്രമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഡല്ഹി സര്വകലാശാലയില് വിദ്യാര്ത്ഥികള്ക്കായി അടിയന്തരമായി ഹോസ്റ്റല് സൗകര്യങ്ങള് ഏര്പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധ്യാപക-വിദ്യാര്ത്ഥി സംഘടനകളുടെ നേതൃത്വത്തില് ഇന്ന് പ്രതിഷേധം നടക്കും.







Comments