
തിരുവനന്തപുരം: വിവാദത്തിന് പിന്നാലെ പാളയം പ്രദീപിനായുള്ള രമ്യാഹരിദാസ് എംഎല്എ യുടെ നീക്കങ്ങളില് കോണ്ഗ്രസിനുള്ളില് അതൃപ്തി. പാര്ട്ടി സസ്പെന്ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാന് നടത്തുന്ന നീക്കത്തിനെതിരേ കെപിസിസി അദ്ധ്യക്ഷന് സണ്ണിജോസഫ് പരസ്യമായി എതിര്പ്പ് പ്രകടിപ്പിച്ചു.
രമ്യാഹരിദാസ് കത്തു നല്കിയത് പരിശോധിക്കുമെന്നും ഇന്നലെയാണ് കത്ത് നല്കിയതെങ്കില് അത് ശരിയല്ലെന്നും സണ്ണിജോസഫ് പ്രതികരിച്ചു. രമ്യ തീരുമാനവുമായി മുമ്പോട്ട് പോയാല് ഉള്ളില് നിന്നു തന്നെ വലിയ പ്രതിഷേധത്തിന് സാഹചര്യം ഉണ്ടെന്നാണ് വിവരം. ചിറയന്കീഴ് കോണ്ഗ്രസിലെ തമ്മില്ത്തല്ലിന് പിന്നില് പാളയം പ്രദീപ് ആണെന്നാണ് പ്രാദേശിക കോണ്ഗ്രസ് പ്രവര്ത്തകരുടെ വിലയിരുത്തല്.
പാളയം പ്രദീപിനെ മുന്കാല പ്രാബല്യത്തോടെ പേഴ്സണല് സ്റ്റാഫില് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യാഹരിദാസ് നിയമസഭാ സെക്രട്ടറിയേറ്റ് ഓഫീസിന് കത്ത് നല്കിയിരുന്നു. ചിറയിന്കീഴില് തമ്മില് തല്ല് നടന്ന ദിവസത്തെ തീയതിയില് തയ്യാറാക്കിയ കത്ത് ഇന്നലെയാണ് നിയമസഭയില് എത്തിയത്. മെയ് 21 മുതല് മുന്കാല പ്രാബല്യത്തില് നിയമിക്കണം എന്നായിരുന്നു ആവശ്യമെങ്കിലും കഴിയില്ലെന്നു നിയമസഭാ സെക്രട്ടറിയേറ്റ് മറുപടിയും നല്കി. ഇതോടെ കത്ത് സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് മടക്കുകയും ചെയ്തു.
എന്നാല് താന് എം.എല്.എയുടെ സ്റ്റാഫാണെന്നും കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്നും പാളയം പ്രദീപ് പാലക്കാട്ട് പ്രതികരിച്ചു. ശമ്പളരേഖകള് ബാങ്കില്നിന്ന് ലഭിക്കാന് കാത്തിരിക്കുകയാണെന്നുമാണ് പാളയം പ്രദീപിന്റെ പ്രതികരണം. നേരത്തേ കയ്യാങ്കളി വിഷയത്തില് പാര്ട്ടി അന്വേഷണ കമ്മിഷനു മുന്നില് രമ്യ ഹാജരാകാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് തന്റെ വിഷയമല്ലെന്നായിരുന്നു സണ്ണിയുടെ ആവര്ത്തിച്ചുള്ള മറുപടി.
കമ്മിഷനു മുന്നില് ഹാജരാകില്ലെന്നു രമ്യ അറിയിച്ചിരുന്നോയെന്ന് അറിയില്ല. ഇക്കാര്യം അന്വേഷണ കമ്മിഷന് അധ്യക്ഷനായ എം.എം. ഹസനോട് ചോദിക്കണമെന്നും സണ്ണി പറഞ്ഞു. പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് രണ്ടുപേര്ക്കെതിരേ അച്ചടക്കനടപടിയെടുത്തത്. രമ്യ പാലക്കാട്ടുണ്ടായിരുന്നോയെന്ന് ശ്രദ്ധിച്ചില്ലെന്നും സണ്ണി പറഞ്ഞു. അതേസമയം ചിറയന്കീഴിലെ സംഘര്ഷത്തില് എംഎല്എക്ക് എതിരെ നടപടി ഉണ്ടാകില്ല. അന്വേഷണ കമ്മീഷന് മുന്നില് രമ്യ മൊഴി നല്കാത്തതിനാല് അന്തിമ റിപ്പോര്ട്ട് കെപിസിസിക്ക് കൈമാറിയിട്ടില്ല.
വെള്ളിയാഴ്ച രാത്രിയായിരുന്നു ചിറയിന്കീഴില് രമ്യ ഹരിദാസ് എംഎല്എയും പ്രാദേശിക കോണ്ഗ്രസ് നേതാക്കളും തമ്മില് വാക്കുതര്ക്കവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്എ, ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്ത ഔദ്യോഗിക യോഗത്തില് എംഎല്എയുടെ അനുയായിയായ പാളയം പ്രദീപ് പങ്കെടുത്തതാണ് തര്ക്കത്തിന്റെ തുടക്കമെന്നാണ് പ്രാദേശിക കോണ്ഗ്രസ് പ്രവര്ത്തകരുടെ ആരോപണം.







Comments