
ന്യൂഡൽഹി: ആശുപത്രിയിൽ വെച്ച് നവജാത ശിശുവിനെ കൃഷ്ണന്റെ വേഷം ധരിപ്പിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഓപ്പറേഷൻ തിയേറ്റർ വേഷം ധരിച്ച ഒരു ഡോക്ടർ നവജാത ശിശുവിനെ കൃഷ്ണനായി ഒരുക്കിയ നിലയിൽ എടുത്തുകൊണ്ട് പുറത്തേക്ക് വരുന്നതും ഒരു ജീവനക്കാരൻ ഇത് വീഡിയോയിൽ പകർത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഡോക്ടർ ഈ കുഞ്ഞിനെ വികാരാധീനനായ പിതാവിന് കൈമാറുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെ നിരവധി പേരാണ് എതിർപ്പുമായി രംഗത്തെത്തിയത്. കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണോ അതോ സോഷ്യൽ മീഡിയയിലെ കാഴ്ചക്കാരെ കൂട്ടുന്നതാണോ വലുത് എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
കുഞ്ഞിന്റെ ത്വക്ക് വളരെ സെൻസിറ്റീവ് ആണെന്നും, കറൻസി നോട്ടുകൾ ഉൾപ്പെടെയുള്ളവ കുട്ടിയുടെ അടുത്ത് കാണിച്ചതും അണുബാധയ്ക്ക് കാരണമായേക്കാമെന്നും ചിലർ ചൂണ്ടിക്കാണിച്ചു. നിരവധി കൈകൾ മറിഞ്ഞെത്തുന്ന കറൻസി നോട്ടുകൾ കുഞ്ഞിന്റെ അരികിൽ വെച്ചത് ഉചിതമല്ലെന്ന വാദവും ഉയർന്നു. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകേണ്ട ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഇത്തരം പ്രശസ്തി സ്റ്റണ്ടുകളിലും റീൽസ് നിർമ്മാണത്തിലും പങ്കാളികളാകുന്നത് ശരിയാണോ എന്ന ചോദ്യവും ഉയർന്നു വന്നു.
മാതാപിതാക്കൾക്ക് തങ്ങളുടെ സന്തോഷം ആഘോഷിക്കാൻ അവകാശമുണ്ടെങ്കിലും, കുഞ്ഞിന്റെ സുരക്ഷയും സൗകര്യവുമാണ് എല്ലാറ്റിനുമുപരിയായി പരിഗണിക്കേണ്ടതെന്നും, നവജാത ശിശുവിന്റെ ആദ്യ നിമിഷങ്ങൾ വെറുമൊരു സോഷ്യൽ മീഡിയ ഉള്ളടക്കമാക്കി മാറ്റുന്നത് എവിടെവരെ ശരിയാണെന്നും ഉള്ള ചർച്ചകൾക്ക് ഈ സംഭവം തിരികൊളുത്തിയിട്ടുണ്ട്. എന്നാൽ, ഇത് ഏതു സ്ഥലത്ത് നടന്നതാണെന്ന് വീഡിയോയിൽ വ്യക്തമല്ല.







Comments