
അന്തരിച്ച പ്രമുഖ സംവിധായകന് ആര് ശരതിനെ അനുസ്മരിച്ച് ഗായകന് വിധു പ്രതാപ്. തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിരുന്നു ശരത് സാര് എന്ന് വിധു പ്രതാപ് കുറിച്ചു.
ആര് ശരത് സംവിധാനം ചെയ്ത 'സായാഹ്നം' എന്ന ചിത്രത്തിലൂടെ വിധു പ്രതാപിന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഒരു തുടക്കക്കാരനായ ഗായകനെ യാതൊരു സംശയവുമില്ലാതെ സ്വാഗതം ചെയ്ത ശരത് സാറാണ് തന്റെ ജീവിതത്തില് സംസ്ഥാന പുരസ്കാരം ഉള്പ്പെടെയുള്ള അവിസ്മരണീയ നിമിഷങ്ങള്ക്ക് വഴിയൊരുക്കിയതെന്ന് വിധു പ്രതാപ് ഓര്ത്തെടുത്തു.
ഓര്ക്കുമ്പോള് അതിശയോക്തി എന്ന് തോന്നാവുന്ന കാര്യങ്ങളാണ് അദ്ദേഹത്തിലൂടെ തന്റെ ജീവിതത്തില് സംഭവിച്ചതെന്നും ഒരായിരം നന്ദിവാക്കുകളോടെ പ്രിയപ്പെട്ട ശരത് സാറിന് ആദരാഞ്ജലികള് അര്പ്പിക്കുന്നുവെന്നും വിധു പ്രതാപ് സോഷ്യല് മീഡിയയില് കുറിച്ചു.
'' എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് ശരത് സര്. സാറിന്റെ 'സായാഹ്നം' എന്ന സിനിമയ്ക്ക് വേണ്ടി പെരുമ്പാവൂര് ജി. രവീന്ദ്രനാഥ് സര് ഒരുക്കിയ ഗാനമാലപിക്കാനുള്ള അവസരം എന്നെ തേടിയെത്തുന്നത് വളരെ അവിചാരിതമായാണ്.
ഒരു തുടക്കക്കാരനെ സംശയമേതുമില്ലാതെ സ്വാഗതം ചെയ്യുക, അത് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരമുള്പ്പെടെ നേടിക്കൊണ്ട് അയാളുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളാവുക, ഓര്ക്കുമ്പോള് അതിശയോക്തി എന്ന് തോന്നാവുന്ന ഈ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തില് സംഭവിച്ചത് സര് കാരണമാണ്. ഒരായിരം നന്ദിവാക്കുകളോടെയല്ലാതെ എങ്ങനെയാണ് ഈ ദിവസത്തെ കടന്നുപോവുക?! പ്രിയപ്പെട്ട ശരത് സാറിന് വിട'', വിധു പ്രതാപ് കുറിച്ചു.
തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില് കരള്രോഗ ബാധയെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് ആര് ശരതിന്റെ വിയോഗം. വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ സിനിമകള് പുരസ്ക്കാരങ്ങള്ക്കും ചലച്ചിത്രമേളകില് പ്രദര്ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സായാഹ്നം, സ്ഥിതി, സീലാബതി, ദി ഡിസയര്: എ ജേര്ണി ഓഫ് വുമണ്, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രമുഖ സിനിമകള്.







Comments