
രക്ഷിക്കാനെത്തിയവരെയും അപ്രതീക്ഷിതമായി ആക്രമിച്ച് ഞെട്ടിച്ചാൽ എന്തായിരിക്കും അവസ്ഥ? കർണാടകയിലെ ദാവൺഗെരെയിൽ പരിക്കേറ്റ പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വനവകുപ്പ് ഉദ്യോഗസ്ഥന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പുലി ഉദ്യോഗസ്ഥനെ നിലത്തേക്ക് വീഴ്ത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കാറിടിച്ച് പരിക്കേറ്റ നിലയിൽ ദേശീയപാതയ്ക്ക് സമീപമാണ് പുലിയെ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ സുരക്ഷിതമായി പിടികൂടി ചികിത്സയ്ക്കായി മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടെ പുലിയെ മയക്കുന്നതിനുള്ള മരുന്ന് നൽകിയെങ്കിലും അതിന്റെ പൂർണമായ പ്രഭാവം അപ്പോഴേക്കും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
പുലിയെ പിടികൂടാനുള്ള നടപടികൾക്കിടെ പെട്ടെന്ന് ഒരു ഉദ്യോഗസ്ഥന് നേരെ പുലി ചാടിയടുക്കുകയായിരുന്നു. ആക്രമണത്തിൽ ഉദ്യോഗസ്ഥൻ നിലത്തുവീണു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ വടികൊണ്ട് പുലിയുടെ ശ്രദ്ധ തിരിക്കുകയും സഹപ്രവർത്തകന് രക്ഷപ്പെടാൻ അവസരം ഒരുക്കുകയും ചെയ്തു. തുടർന്ന് പുലി സമീപത്തെ പുല്ലുമേഖലയിലേക്ക് മാറുകയായിരുന്നു.
സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചില്ല. ഒടുവിൽ പുലിയെ സുരക്ഷിതമായി പിടികൂടി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വാഹനാപകടത്തിൽ പരിക്കേറ്റ പുലിക്ക് തുടർചികിത്സ നൽകിവരികയാണ്. പരിക്കേറ്റ വന്യമൃഗങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥർ നേരിടുന്ന അപകടസാധ്യതയും ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഓർമിപ്പിക്കുകയാണ്.







Comments