
കോട്ടയം: മെസ്സി വിവാദത്തെ തുടര്ന്ന് റിപ്പോര്ട്ടര് ടിവിയിലെ സാമ്പത്തിക ഇടപാടുകളില് കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന് ഷോണ് ജോര്ജ്ജ് രംഗത്തെത്തി. ചാനലിന്റെ പ്രവര്ത്തനങ്ങളില് വന്തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹം വിവിധ കേന്ദ്ര ഏജന്സികള്ക്ക് പരാതി നല്കിയത്.
ജി.എസ്.ടി വെട്ടിപ്പ്, കോര്പ്പറേറ്റ് നിയമലംഘനങ്ങള്, വിദേശ ഫണ്ട് ഇടപാടുകള് എന്നിവ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇ.ഡി, സി.ബി.ഐ, എസ്.എഫ്.ഐ.ഒ, ഇന്കം ടാക്സ് ഉള്പ്പെടെയുള്ള 7 പ്രമുഖ കേന്ദ്ര ഏജന്സികള്ക്കാണ് പരാതി സമര്പ്പിച്ചിരിക്കുന്നത്. സ്ഥാപനം തട്ടിപ്പിന്റെ ബലത്തിലാണ് പ്രവര്ത്തിക്കുന്നതെന്നും നികുതി വെട്ടിപ്പ് നടത്തിയ ചാനലിന്റെ പ്രവര്ത്തനം അടിയന്തരമായി നിര്ത്തിവെക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.
ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങള്ക്ക് കുറഞ്ഞത് 20 കോടി രൂപ മൂലധനം ആവശ്യമുള്ള സ്ഥാനത്ത്, കേവലം 10 ലക്ഷം രൂപ മാത്രം മൂലധനമായാണ് ചാനലിന്റെ മാതൃ കമ്പനിയായ 'ഇന്തോ ഏഷ്യന് ന്യൂസ് ചാനല് പ്രൈവറ്റ് ലിമിറ്റഡ്' രൂപീകരിച്ചത്. ഉടമസ്ഥാവകാശം മാറിയെന്ന് അവകാശപ്പെടു മ്പോഴും ഔദ്യോഗിക രേഖകളില് എം.വി. നികേഷ് കുമാര് തന്നെയാണ് ഉടമ. എന്നാല്, രേഖകളില് പേരില്ലാത്ത ആന്റോ അഗസ്റ്റിനെ എം.ഡി ആയി വെബ്സൈറ്റില് കാണിച്ചിരുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
കൃത്യമായ ഓഡിറ്റിംഗ് നടക്കാത്തതിലും സാമ്പത്തിക ക്രമക്കേടുകളിലും പ്രതിഷേധിച്ച് ചാനലിന്റെ ഔദ്യോഗിക ഓഡിറ്റര് രാജിവെച്ചതായി ഷോണ് ജോര്ജ് വ്യക്തമാക്കി. വിദേശത്തേക്ക് പണം അയക്കാന് റിസര്വ് ബാങ്കിനോട് ശുപാര്ശ ചെയ്തതില് മുന് മുഖ്യമന്ത്രി പിണറായി വിജയന്, മുന് കായിക മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ഹവാല ഇടപാടുകള് ഉള്ളതിനാല് സംസ്ഥാന പോലീസിന്റെ എസ്.ഐ.ടി അന്വേഷണം പര്യാപ്തമല്ലെന്നും അദ്ദേഹം ആരോപിച്ചു.







Comments