
കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെയോ റെയ്ഡുകളെയോ ഭയന്ന് ഒളിച്ചോടില്ലെന്ന് സിപിഐഎം നേതാവും ബേപ്പൂർ എംഎൽഎയുമായ പിഎ മുഹമ്മദ് റിയാസ്. ഇഡിയുടെ അന്വേഷണത്തിൽ പേടിച്ചു പോയിയെന്ന് ആരും കരുതണ്ട. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരു തരത്തിലും ഭയപ്പെടാനില്ല. അന്വേഷണത്തെ നിയമപരമായി നേരിടും. തിരക്കഥയൊക്കെ നന്നായി. ജീവിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്നതിന് സമാനമായ വാർത്തകളാണ് കഴിഞ്ഞ കുറച്ചുനാളായി പുറത്തുവരുന്നത്. അത് അതിന്റെ രസത്തില് നടക്കട്ടെ. തങ്ങള് നിരപരാധികളാണ്. എന്തൊക്കെ തിരക്കഥകള്വെച്ച് കാര്യങ്ങളെ ഏതൊക്കെ ആംഗിളില് കൊണ്ടുപോകാന് ശ്രമിച്ചാലും നിരപരാധികള് നിരപരാധികളാണ്. നിരപരാധിത്വം നിരപരാധിത്വമായി നിലകൊള്ളും. നല്ല ആത്മവിശ്വാസമുണ്ട്. അന്വേഷണം ഒരു തരത്തിലും ബാധിക്കില്ലെന്നും മുഹമ്മദ് റിയാസ് ആവര്ത്തിച്ചു.
ഇ ഡിയും ഇഡിയുടെ പിന്നിലുള്ള രാഷ്ട്രീയവും അവരുടെ അന്വേഷണവുമൊക്കെ എങ്ങനെയാണ് എന്ന് രാജ്യം കണ്ടതാണ്. താന് അതിലേക്ക് കടക്കുന്നില്ല. ഈ വിഷയത്തിലും അന്വേഷണം നടക്കട്ടെ. ഓരോ ദിവസവും ഓരോ വാര്ത്തയായി പുറത്തുവരട്ടെ. ഇതിന്റെ പേരില് പേടിച്ചുപോയി എന്ന് ആരും കരുതേണ്ട. എങ്ങനെയൊക്കെ വേട്ടയാടാന് ശ്രമിച്ചാലും ഭയപ്പെടുന്നില്ല. കേസ് എടുക്കണോ വേണ്ടയോ എന്ന് യുഡിഎഫ് സർക്കാർ ആണ് തീരുമാനിക്കേണ്ടത്. നിരപരാധിത്വം പൂർണമായും തെളിയിക്കാൻ ആകുമെന്ന വിശ്വാസം ഉണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി മുഹമ്മദ് റിയാസ് പറഞ്ഞു.







Comments