
മലയാള സിനിമാ-സീരിയല് പ്രേക്ഷകര്ക്ക് ഏറെ സുപരിചിതനായ താരമാണ് രാഹുല് മോഹന്. ശ്രീ മഹാഭാഗവതം, സിദ്ധാർത്ഥൻ എന്ന ഞാൻ എന്നീ പ്രൊജക്ടുകളിലൂടെ ശ്രദ്ധേയനായ താരം സോഷ്യല് മീഡിയയിലൂടെയും പ്രേക്ഷകര്ക്ക് പ്രിയങ്കരനാണ്. താരത്തിന്റെ പിതാവ് മോഹൻ ആശ്രാമം നിര്മ്മാതാവും തിരക്കഥാകൃത്തുമൊക്കെയാണ്.
1996-ൽ സിദ്ധിഖ് കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ ‘ലാളനം’ എന്ന സിനിമ നിര്മ്മിക്കുകയും അതിന്റെ കഥയും തിരക്കഥയും നിർവ്വഹിക്കുകയും ചെയ്തതും രാഹുലിന്റെ അച്ഛനാണ്. സിദ്ധിഖിനും ബേബി ശ്യാമിലിക്കും പുറമെ ജഗതി ശ്രീകുമാർ, വിനയ പ്രസാദ്, ഇന്നസെന്റ്, ശാന്തി കൃഷ്ണ, എംഎസ് തൃപ്പൂണിത്തുറ, ജോസ് പെല്ലിശ്ശേരി എന്നിവര്ക്കൊപ്പം രാഹുലും അതിലൊരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
ഇപ്പോഴിതാ ആ സിനിമ പരാജയപ്പെടാനുള്ള കാരണം നായകനായി എത്തിയ സിദ്ധിഖിന്റെ വ്യക്തി ജീവിതത്തിലൂണ്ടായ ചില സംഭവങ്ങളായിരുന്നു എന്ന് തുറന്നു പറയുകയാണ് രാഹുല് മോഹന്. നിർമ്മാണത്തിലെ പരിചയ കുറവ് കാരണം അച്ഛന് സിനിമയില് വന്നശേഷം ഒരുപാട് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും നല്ല സബ്ജക്ടുള്ള സിനിമയായിരുന്നുവെങ്കിലും ലാളനം വിജയിച്ചില്ലെന്നും അച്ഛനത് വലിയ സങ്കടമായെന്നും രാഹുല് പറയുന്നു.
‘‘സിനിമയിലേക്ക് എൻട്രിയാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കാരണം അച്ഛൻ നിർമ്മിക്കുന്ന പടത്തില് എനിക്കൊരു വേഷമുണ്ടാകുമല്ലോ. അച്ഛൻ മുമ്പ് നാടകത്തില് അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കലയോട് താല്പര്യമായിരുന്നു. പിന്നീട് അച്ഛൻ ദുബായിലേക്ക് പോയി. അവിടെയും ചെറിയ ഗ്രൂപ്പുകളൊക്കെയാക്കി നാടകവും മറ്റും ചെയ്തു. അതിനു ശേഷമാണ് സിനിമ എടുക്കണമെന്ന ആഗ്രഹം അച്ഛന് വരുന്നത്. എന്നെ ഒരു സിനിമയില് ഹീറോയാക്കണം എന്ന തോന്നലും അച്ഛനുണ്ടായി. സിനിമ എടുക്കുകയാണെങ്കില് മോനെ വെച്ച് തന്നെ ഒരു സിനിമ എടുത്തൂടേയെന്ന് കൂട്ടുകാരും അച്ഛനോട് ചോദിച്ചിരുന്നു.
എന്നാല് സ്കൂള് കാലത്ത് സ്കിറ്റുകളില് പെർഫോം ചെയ്തിട്ടുണ്ട് എന്നല്ലാതെ മറ്റ് പരിചയ സമ്പത്തൊന്നും എനിക്കുണ്ടായിരുന്നില്ല. പിന്നെ ഒന്നും അറിയാത്തതുകൊണ്ട് ആദ്യത്തെ സിനിമ ചെയ്യുമ്പോള് എനിക്ക് ടെൻഷനുണ്ടായിരുന്നില്ല എന്നുള്ളതും സത്യമാണ്. ലാളനം ആയിരുന്നു ആ സിനിമ.
അന്ന് അച്ഛൻ വല്ലപ്പോഴും സെറ്റില് വന്ന് പോവുക മാത്രമെ ചെയ്തിരുന്നുള്ളു. ഞാനും കൂട്ടുകാരും കൂടെയായിരുന്നു പടത്തിന്റെ കണ്ട്രോളിങ്. അന്ന് എനിക്ക് ഇരുപത് ഇരുപത്തൊന്ന് വയസ് മാത്രമെയുള്ളു. ഊട്ടിയായിരുന്നു സിനിമയുടെ ലൊക്കേഷൻ. ഞങ്ങള്ക്കൊരു ട്രിപ്പ് പോലെയായിരുന്നു അത്.
സിനിമയിലെ എന്റെ ഇൻട്രൊഡക്ഷൻ സീൻ ബേബി ശ്യാമിലിയുമായുള്ള കോമ്പിനേഷൻ സീനായിരുന്നു. ഈ സിനിമ ചെയ്തശേഷമാണ് നായകനായി അഭിനയിക്കണമെന്ന ആഗ്രഹം എനിക്ക് വന്ന് തുടങ്ങിയത്. അതിനിടെ സീരിയലിലേക്ക് അവസരം വന്നു. അന്ന് സീരിയലും എനിക്ക് പുതിയ അനുഭവമായിരുന്നു. കാരണം സീരിയലിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.
പക്ഷേ ലാളനം സിനിമ പക്ഷെ സാമ്പത്തികമായി കാര്യമായി വിജയിച്ചില്ല. സിനിമയുടെ റിലീസിന്റെ സമയത്തായിരുന്നു നടൻ സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ. പുള്ളിയായിരുന്നല്ലോ സിനിമയിലെ ഹീറോ. അതോടെ ബാഡ് ഇംപ്രഷൻ വരികയും കുടുംബപ്രേക്ഷകര് തിയേറ്ററില് കയറാതെ വരികയും ചെയ്തു. നല്ല സബ്ജക്ടുള്ള സിനിമയായിരുന്നുവെങ്കിലും അത് പക്ഷേ വിജയിച്ചില്ല. അച്ഛന് ഭയങ്കര വിഷമമായിരുന്നു അത്. ആ സിനിമ വിജയിച്ചിരുന്നുവെങ്കില് തുടർന്നും അച്ഛൻ സിനിമ എടുക്കുമായിരുന്നു.
സിനിമ അറിയാത്ത മേഖലയായതുകൊണ്ട് അച്ഛന് ഒരുപാട് പൈസ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് കാര്യങ്ങള് സിനിമയില് നിന്നും പഠിച്ചു. മൂന്ന് ഷെഡ്യൂള് ആയിട്ടാണ് സിനിമ എടുത്തത്. തുടർന്നും സിനിമയില് അഭിനയിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ ആരും ശ്രദ്ധിച്ചില്ല. കളിപ്പാട്ടത്തില് വിനീത് ചെയ്ത കഥാപാത്രത്തിന്റെ ഓഡീഷന് വേണ്ടി ഞാൻ പോയിട്ടുണ്ട്. അവസാനം വിനീത് തന്നെ ചെയ്തു. പുതുമുഖങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു ആദ്യം അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. അതിന് വേണ്ടിയാണ് ഓഡിഷൻ നടത്തിയതും. ആ സീൻ കാണുമ്പോള് എനിക്ക് കിട്ടേണ്ട സീനായിരുന്നല്ലോ എന്ന് തോന്നാറുണ്ട്...’’ രാഹുല് മോഹന് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാഹുല് ഇക്കാര്യങ്ങള് പറഞ്ഞത്.







Comments