
തിരുവനന്തപുരം: സിഎംആര്എല് - എക്സാലോജിക് കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയനും മകളുടെ ഭര്ത്താവ് മുഹമ്മദ് റിയാസിനും മകള് വീണയ്ക്കും എതിരേ കേസെടുക്കണമെന്ന് ഇഡി ആവശ്യപ്പെട്ടത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയവുമായി നേരിടാനായിരിക്കും സിപിഎം ശ്രമിക്കുക.
പിണറായി വിജയനും മകളുടെ ഭര്ത്താവ് മുഹമ്മദ് റിയാസിനും മകള് വീണയ്ക്കും എതിരെ പിഎംഎല്എ വകുപ്പില് 66 (2) കേസെടുക്കണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസെടുത്താൽ പ്രതിപക്ഷ നേതാവും പ്രതിയാകും. അതിനാൽ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടി പാർട്ടി പ്രതിരോധമുയർത്തും.
മകള് വീണ വഴി പിണറായി സിഎംആര്എല്ലില് നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഇഡിറിപ്പോര്ട്ടില് പറയുന്നു. കൈക്കൂലി വാങ്ങാന് വീണ സഹായിച്ചെന്നും ഭര്ത്താവ് മുഹമ്മദ് റിയാസ് കൈക്കൂലിപ്പണം ദുബായിലേക്ക് കടത്തിയെന്നും ഇതിന് നിഖിലും നന്ദുലാലും സഹായിച്ചതായും പറയുന്നു. ഇഡിയുടെ റിപ്പോര്ട്ട് കിട്ടിയതായി ഡിജിപിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇഡി നൽകിയ തെളിവുകൾ പരിശോധിച്ചായിരിക്കും മുന്നോട്ടുള്ള നടപടിയെ കുറിച്ച് സർക്കാർ തീരുമാനിക്കുക. കേസ് എടുക്കുന്ന സാഹചര്യമുണ്ടായാൽ സർക്കാർ കേന്ദ്രത്തിലെ ബിജെപിയുടെ ‘ബി’ ടീം ആണെന്ന ആരോപണമാവും പ്രതിപക്ഷം ഉയർത്തുക.







Comments