
നാലു പതിറ്റാണ്ടിലധികമായി തെന്നിന്ത്യന് സിനിമാപ്രേമികളുടെ മനസ്സില് തന്റേതായ ഒരിടം തീര്ത്ത് തിളങ്ങി നില്ക്കുന്ന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ഉർവശി. മലയാളത്തില് മാത്രമല്ല തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം ഒരേപോലെ വിസ്മയം തീർത്ത ഇതിഹാസ നടി കൂടിയാണ് ഉര്വശി. നര്മ്മമോ സങ്കടമോ സന്തോഷമോ കുശുമ്പോ പ്രതികാരമോ ഗൗരവമോ ... അങ്ങനെ ഭാവങ്ങളെന്തു തന്നെയായാലും ഉര്വശിയുടെ കൈയിലത് ഭദ്രമാണ്.
ഏതു ഭാവവും അതിസൂക്ഷ്മമായി സ്ക്രീനില് അവതരിപ്പിക്കുന്ന ഉര്വശി തെന്നിന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രിയാണ്. ലേഡി സൂപ്പര്സ്റ്റാര് എന്ന പദവി കൃത്യമായി യോജിക്കുന്ന ഒരു താരം. ഇന്നും വ്യത്യസ്ത കഥാപാത്രങ്ങളവതരിപ്പിച്ച് ഉര്വശി സിനിമയില് തിളങ്ങി നില്ക്കുകയാണ്. കരിയറിന്റെ പീക്ക് ടൈമില് വച്ചാണ് ഉര്വശി മനോജ് കെ. ജയനെ വിവാഹം ചെയ്തത്. എന്നാല് മകള് ജനിച്ച് കുറച്ചു കാലം കഴിഞ്ഞപ്പോള് ഇവര് രണ്ടാളും വേര്പിരിഞ്ഞു. അന്ന് ഉര്വശിയുടെ കുറ്റമാണ് ദാമ്പത്യപരാജയത്തിനു കാരണമെന്ന് മനോജ് കെ. ജയന് വെളിപ്പെടുത്തിയിരുന്നു. പക്ഷേ അന്നുമിന്നും ഇവരുടെ മകള് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി അച്ഛന്റെയും അമ്മയുടെയും സ്നേഹവും പരിഗണനയുമൊക്കെ ഏറ്റുവാങ്ങിയാണ് വളര്ന്നത്. ഒരിക്കലും മകള്ക്കിടയില് ഇവരുടെ പ്രശ്നങ്ങള് വിലങ്ങുതടിയായിട്ടില്ല.
ഇപ്പോഴിതാ മകളുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് ഉര്വശി. മകളോടുള്ള തന്റെ സ്നേഹത്തിനു മുകളില് ഒരു വൈരാഗ്യവും വരില്ലെന്നും അവൾ തന്റെ കുഞ്ഞാണന്നുമാണ് ഉര്വശി പറയുന്നത്.
‘‘ഇന്നും ചോറുണ്ണുന്നതിന് മുൻപ് ഞാൻ എന്റെ മോളെ വിളിക്കും. ‘മക്കളെ, കഴിച്ചോടാ?’ എന്ന് തിരക്കും. അവൾ ഇടുന്ന ആദ്യത്തെ വോയില് നോട്ടിലും, ‘അമ്മ എന്തമ്മാ കഴിച്ചേ? അമ്മ കഴിക്കണേ, പ്രോട്ടീൻ എന്തെങ്കിലും അമ്മ കഴിക്കണേ അമ്മ...’ എന്നുണ്ടാകും. എന്റെ ഫോണിലെ മെസ്സേജുകളുടെ എല്ലാം ആദ്യം അവൾ അങ്ങനെ ചോദിക്കുന്നതാണ്. എന്റെ മോൻ ഫോൺ ചെയ്താലും, ‘അമ്മ എന്തമ്മാ കഴിച്ചേ?’ എന്ന് ചോദിക്കും. കാരണം എന്താണെന്ന് വച്ചാല് ഞാനും ആദ്യം അവരോട് അന്വേഷിക്കുന്നത് അതാണ്. എത്ര വൈരാഗ്യം ഉണ്ടെന്ന് പറഞ്ഞാലും എന്റെ കുഞ്ഞല്ലേ അവള്... ഈ അമ്മയ്ക്ക് അവകാശപ്പെടാൻ വേറെ സ്വത്തോ കാര്യങ്ങളോ ഒന്നുമല്ല. എന്റേതെന്ന് അവകാശപ്പെടാൻ ഞാൻ പ്രസവിച്ചു എന്ന് പറയാനുള്ള അവകാശം മാത്രമേ എനിക്കുള്ളൂ....’’ ഉര്വശി പറയുന്നു. തന്റെ ഏറ്റവും പുതിയ സിനിമയായ ‘ആശ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് അമ്മ മക്കള് ബന്ധത്തെക്കുറിച്ച് ഉര്വശി മനസ്സു തുറന്നത്.







Comments