
തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില് ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേസ് പിണറായി വിജയനിലേക്ക് എത്തിക്കാൻ നേരത്തെ തന്നെ ശ്രമം നടന്നു. നിലവിലെ ഭരണകക്ഷി നേതാക്കൾ ഉൾപ്പെടെ സിഎംആർഎല്ലിന് പണം നൽകിയ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇ ഡി നേരിട്ട് പോയാൽ കോടതി തള്ളും എന്നത് കൊണ്ടാണ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. സർക്കാരിന് നഷ്ടവും തനിക്ക് ലാഭവും ഉണ്ടാക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പിണറായി വിജയന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനുള്ള ഒരു തെളിവും ഒരു കോടതിയിലും ഹാജരാക്കാൻ കഴിഞ്ഞില്ല. വിജിലൻസ് തന്നെ തള്ളിയ കേസ് ആണ്. വളഞ്ഞ വഴിയിൽ വന്നിരിക്കുകയാണ് ഇപ്പോൾ ഇ ഡിയെന്നും അദ്ദേഹം വിമർശിച്ചു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില് വരുന്ന ഒന്നല്ല ഇടപാട്. ഇതുമായി ബന്ധപ്പെട്ട കേസുകള് തള്ളിയതാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ തള്ളിയ കേസാണിത്. ഇക്കാര്യത്തെ കുറിച്ചാണ് ഇ ഡി ഇപ്പോൾ പറയുന്നത് എന്നും എം വി ഗോവിന്ദന് പറഞ്ഞു.
വിവിധ ആള്ക്കാര്ക്ക് 182 കോടി നല്കിയ ഡയറി ലഭിച്ചുവെന്ന് ഇ ഡി പറഞ്ഞു. ഇപ്പോഴത്തെ ഭരണകക്ഷി നേതാക്കളുടെ പേരും അതിലുണ്ട്. അവര് അത് സമ്മതിച്ചതാണ്. ഇതിൽ കുറഞ്ഞ തുക മാത്രമാണ് വീണക്ക് എതിരായ കേസില് ഉള്ളത്. മറ്റുള്ളവരെ എന്തുകൊണ്ട് കൈാകാര്യം ചെയ്യുന്നില്ല. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. സിഎംആര്എല് കമ്പനിക്ക് എക്സാലോജിക്ക് ഇടപാടില് നഷ്ടം സംഭവിച്ചിട്ടില്ല. ഒന്നും മറച്ചുവെക്കാന് രണ്ട് കൂട്ടര്ക്കുമില്ല.
കരുവന്നൂർ ബാങ്കിൽ നേരിട്ട് ഉത്തരവാദികൾ ആയവരെ മാപ്പ് സാക്ഷികൾ ആക്കുകയും പാർട്ടി നേതാക്കളെ പ്രതികൾ ആക്കുകയും ചെയ്തവരാണ് ഇ ഡി. സർക്കാർ തലത്തിൽ ഒരു അനുകൂല്യവും സിഎംആര്എലിന് നൽകിയിട്ടില്ല. ആദ്യം ലക്ഷ്യം പ്രഖ്യാപിക്കുക പിന്നെ കേസ് എടുക്കുക എന്നതാണ് ഇ ഡിയുടെ രീതി. ലക്ഷ്യം പിണറായിയും റിയാസുമാണ്.
ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ചെറുക്കുന്ന നിലപാടാണ് കേന്ദ്രത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. ഇവിടെ എന്തു നിലപാട് എടുക്കും എന്ന് കാണട്ടെ. ഡയറിയിൽ പേരുള്ള മന്ത്രിയുടെ വകുപ്പിലാണ് കത്തുള്ളത് എന്നും അത് വിരോധാഭാസമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.







Comments