
സോഷ്യല് മീഡിയയില് ഇപ്പോള് 80'S റെട്രോ ട്രെന്ഡിന്റെ കാലമാണ്. 80-കളില് ജീവിച്ചിരുന്നെങ്കില് കാണാന് എങ്ങനെയിരിക്കുമെന്ന് ചാറ്റ് ജിപിടിയുടെ സഹായത്തോടെ ആവിഷ്കരിക്കുകയാണ് സോഷ്യല് മീഡിയ ഉപയോക്താക്കള്. എന്നാല് ഈ എഐ തരംഗത്തിനിടയില് യഥാര്ത്ഥ 'റെട്രോ' ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന് മന്ത്രിയും ചലച്ചിത്ര നിര്മാതാവുമായ ഷിബു ബേബി ജോണ്.
സൂപ്പര്താരം മോഹന്ലാലിനൊപ്പമുള്ള തന്റെ പഴയകാല ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില് നിലവിലെ എഐ ട്രെന്ഡ് പരീക്ഷണമാണെന്ന് തോന്നുമെങ്കിലും, ഇത് എഐ ചിത്രമല്ലെന്നും 90-കളില് എടുത്ത യഥാര്ത്ഥ ഫോട്ടോയാണെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
'ട്രെന്ഡിനൊപ്പം നീങ്ങാന് ഞങ്ങള്ക്ക് AI യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെന്ഡിയാ.. ഇതാ ഒരു റിയല് 90's ട്രെന്ഡ് '... എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്. മോഹന്ലാലിനെ മെന്ഷന് ചെയ്താണ് പോസ്റ്റ്.
വെള്ള പാന്റ്സും പ്രിന്റഡ് ഷര്ട്ടും കൂളിങ് ഗ്ലാസും ധരിച്ചാണ് ചിത്രത്തില് ഷിബു ബേബി ജോണ് നില്ക്കുന്നത്. അദ്ദേഹത്തിന്റെ തോളില് കൈവെച്ചാണ് മോഹന്ലാല് നില്ക്കുന്നത്. നീല സ്ട്രൈപ്പ് ഷര്ട്ടും നീല/ കറുപ്പ് പാന്റ്സുമാണ് അദ്ദേഹത്തിന്റെ വേഷം. കൂളിങ് ഗ്ലാസ് ധരിച്ചുനില്ക്കുന്ന മോഹന്ലാല് ഷിബു ബേബി ജോണിന്റെ മുഖത്തേക്ക് നോക്കിനില്ക്കുന്ന രീതിയിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഷിബു ബേബി ജോണിന്റെ ചിത്രവും പോസ്റ്റും സോഷ്യല് മീഡിയയില് വൈറലാവുകയാണ്.







Comments