
ഓൺലൈനിൽ സാധനം ഓർഡർ ചെയ്യുമ്പോൾ എന്താണ് പാഴ്സലിനുള്ളിൽ വരുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഗ്രേറ്റർ നോയിഡയിലെ ഒരു യുവാവിന് ലഭിച്ചത് പ്രതീക്ഷിച്ചതിനും അപ്പുറമുള്ള അനുഭവമായിരുന്നു. ജോലി ആവശ്യത്തിനായി ഓൺലൈനിൽ ഓർഡർ ചെയ്ത ആൻഡ്രോയിഡ് ഉപകരണത്തിന് പകരം പാഴ്സൽ തുറന്നപ്പോൾ കണ്ടത് ചാണകം. സംഭവത്തിന്റെ ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവന്നതോടെ സംഭവം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുകയാണ്.
ഡാങ്കൗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആകാശ് നഗറാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. കുറച്ച് ദിവസം മുമ്പാണ് ജോലി ആവശ്യത്തിനായി 1,999 രൂപ വിലയുള്ള ആൻഡ്രോയിഡ് ഉപകരണം ഓൺലൈൻ വെബ്സൈറ്റിലൂടെ ഓർഡർ ചെയ്തത്. ഓർഡർ ചെയ്യുമ്പോൾ മുഴുവൻ തുകയും ഓൺലൈനായി അടയ്ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കൊറിയർ പാഴ്സൽ വീട്ടിലെത്തിയെങ്കിലും പാക്കറ്റ് തുറന്നതോടെ ആകാശ് ഞെട്ടുകയായിരുന്നു. ഉപകരണത്തിന് പകരം പാഴ്സൽ നിറയെ ചാണകമായിരുന്നു.
താൻ ഓൺലൈൻ ഷോപ്പിങ്ങിന്റെ പേരിൽ വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെ ആകാശ് ഉടൻ തന്നെ പ്രാദേശിക പോലീസിൽ പരാതി നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഓർഡർ സ്വീകരിച്ച വെബ്സൈറ്റിന്റെ വിവരങ്ങൾ, പണമിടപാട് രേഖകൾ, കൊറിയർ വഴി പാഴ്സൽ കൈമാറിയതിന്റെ വിവരങ്ങൾ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഓൺലൈൻ ഷോപ്പിങ്ങിൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ഈ സംഭവം വീണ്ടും ഉയർത്തുകയാണ്. വിശ്വാസ്യതയുള്ള കമ്പനികളുടെയും ഔദ്യോഗിക വെബ്സൈറ്റുകളുടെയും സേവനം മാത്രം ഉപയോഗിക്കണമെന്നും സ്ഥിരീകരിക്കാത്ത മൂന്നാം കക്ഷി വിൽപ്പനക്കാരെ ഒഴിവാക്കണമെന്നും സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു. പണമടയ്ക്കുന്നതിന് മുമ്പ് വെബ്സൈറ്റിന്റെയും വിൽപ്പനക്കാരന്റെയും വിശ്വാസ്യതയും പേയ്മെന്റ് സുരക്ഷയും പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും സംഭവം ഓർമിപ്പിക്കുന്നു.







Comments