
ബാലതാരമായി കടന്നു വന്ന് വളരെ ചുരുങ്ങിയ കാലം തെന്നിന്ത്യയാകെ നിറഞ്ഞു നില്ക്കുന്ന താരമായി മാറിയ അഭിനേത്രിയാണ് അനശ്വര രാജന്. ‘ഉദാഹരണം സുജാത’ യില് തുടങ്ങി തണ്ണീര് മത്തന് ദിനങ്ങളും, സൂപ്പര് ശരണ്യയും, പ്രണയവിലാസവും, ഓസ്ലരും, നേരും, ഗുരുവായൂര് അമ്പലനടയിലുമടക്കം ഹിറ്റുകളുടെ ഒരു ശ്രേണി തന്നെയുണ്ട് അനശ്വരയ്ക്ക്. താരത്തിന്റെ സിനിമകള്ക്ക് ഒരു മിനിമം ഗ്യാരന്റിയുണ്ടാകുമെന്നുള്ളത് പ്രേക്ഷകരും ഉറപ്പിച്ചിട്ടുണ്ട്.
വ്യസനസമേതം ബന്ധുമിത്രാദികള്ക്ക് ശേഷം പുറത്തു വന്ന അനശ്വരയുടെ ചിത്രങ്ങളെല്ലാം അന്യഭാഷയിലായിരുന്നു. എട്ട് വർഷം കൊണ്ടു തന്നെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാനായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങി നില്ക്കുകയാണ്. ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുന്ന താരത്തിന് തന്റെ സിനിമയില് എന്തെങ്കിലും മികച്ചതുണ്ട് എന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കാന് കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം താരത്തിന്റെ ജന്മദിനമായിരുന്നു. ആരാധകരും സഹതാരങ്ങളുമടക്കം എല്ലാവരും താരത്തിന് ആശംസകള് കുറിച്ചിരുന്നു.
ഇപ്പോഴിതാ അനശ്വരയുടെ ജന്മദിനത്തില് അമ്മ ഉഷ രാജന് പങ്കിട്ട ഹൃദയം തൊടും കുറിപ്പാണ് സോഷ്യല് മീഡിയ ഏറ്റെടുക്കുന്നത്. ജീവിതം തനിക്ക് നല്കിയ സമ്മാനമാണ് അനശ്വരയെന്നും സ്വന്തം കഴിവുകൊണ്ട് ഒരുപാട് പേരുടെ ഹൃദയം കീഴടക്കുന്നത് കാണുമ്പോൾ, ഒരു അമ്മയെന്ന നിലയിൽ മകളെയോര്ത്ത് എന്നും അഭിമാനമാണെന്നുമാണ് അനശ്വരയുടെ 24-ാം ജന്മദിനത്തില് ഉഷ രാജന് കുറിക്കുന്നത്.
‘‘ചില ല ജന്മങ്ങള് അങ്ങനെയാണ്. ജീവിതത്തിലെ ഏറ്റവും വലിയൊരു നഷ്ടത്തിന്റെ വേദനയില് നിന്ന്, അതേ ഹൃദയത്തിലേക്ക് ഒരു പുതിയ വെളിച്ചമായി കടന്നുവരും. ഇന്നും ആ ഒരു സമയം കടന്നുപോകാന് ബുദ്ധിമുട്ടുന്നുണ്ട്. എന്റെ അമ്മയെ നഷ്ടപ്പെട്ട് ഒരാഴ്ച മാത്രം കഴിഞ്ഞപ്പോള് നീ എന്റെ ജീവിതത്തിലേക്ക് വന്നത് ഇന്നും എനിക്ക് ഒരു അത്ഭുതം പോലെയാണ്. അന്ന് നിന്നെ കൈകളില് ചേര്ത്തുപിടിച്ചപ്പോള്, ജീവിതം എനിക്ക് തിരികെ തന്നൊരു സമ്മാനം പോലെയായിരുന്നു നീ.
എനിക്ക് അമ്മ തന്ന കരുതലും സ്നേഹവും ഇന്ന് എനിക്ക് നിന്നില് നിന്നും കിട്ടുന്നുണ്ട്. ഇന്ന് നീ വളര്ന്ന് നിന്റെ കഴിവുകൊണ്ട് ഒരുപാട് പേരുടെ ഹൃദയം കീഴടക്കുന്നത് കാണുമ്പോള്, ഒരു അമ്മ എന്ന നിലയില് എനിക്ക് പറയാനുള്ളത് ഒന്ന് മാത്രം - നിന്നെയോര്ത്ത് എനിക്ക് എന്നും അഭിമാനമാണ്. ഹാപ്പി ബര്ത്ത്ഡേ, എന്റെ കിങ്ങിണി...നിന്റെ ജീവിതം എന്നും സന്തോഷവും സ്നേഹവും നിറഞ്ഞതാകട്ടെ. എപ്പോഴും നിന്റെ പുഞ്ചിരിക്കുന്ന മുഖം മാത്രം കാണാന് ഞാന് ആഗ്രഹിക്കുന്നു. അമ്മയുടെ സ്നേഹവും പ്രാര്ത്ഥനയും എന്നും നിനക്കൊപ്പമുണ്ട്...’’ എന്ന് കുറിച്ചാണ് ഉഷ മകള് അനശ്വരയ്ക്ക് ജന്മദിനാശംസ കുറിച്ചിരിക്കുന്നത്. അനശ്വരയുടെ സഹോദരിയും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ഐശ്വര്യ രാജനും വൈകാരികമായ കുറിപ്പ് പങ്കിട്ടാണ് താരത്തിന് സ്നേഹവും ആശംസയും കുറിച്ചത്. സഹോദരി, പ്രിയപ്പെട്ടവൾ, കുടുംബം, എന്നും കൂടെയുള്ളവൾ, പെൺകുട്ടികൾ, സ്ത്രീത്വം...അങ്ങനെ എല്ലാമായവൾക്ക് ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെ അനശ്വരയ്ക്കൊപ്പമുള്ള ഫോട്ടോകളും വിഡിയോകളും ഉൾപ്പെടുത്തിയായിരുന്നു ഐശ്വര്യയുടെ പോസ്റ്റ്.
കരിയറില് തിളങ്ങി നില്ക്കുകയാണ് അനശ്വരയിപ്പോള്. നിലവില് തമിഴിലും തെലുങ്കിലുമുള്ള മികച്ച ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകമനസ്സ് കീഴടക്കുന്നത്. ‘ലക്കി-ദ സൂപ്പർസ്റ്റാർ’, ‘വിത്ത് ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്യഭാഷകളിലും തന്റെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ് താരം.
നടൻ സംഗീത് ശോഭനൊപ്പം അനസ്വര പ്രധാന വേഷത്തിലെത്തുന്ന ‘അന്താ രാമുലുരു ചൂസുകുന്താരു’ എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷന് തിരക്കിലാണ് താരം. മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന കാകാ എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലും പ്രധാന വേഷത്തില് താരമുണ്ട്. അനീഷും അനസ്വരയും ഒന്നിക്കുന്ന ഇത്ലു അർജുന എന്ന തെലുങ്ക് ചിത്രവും അടുത്ത മാസം റിലീസ് കാത്തിരിക്കുന്നതാണ്.







Comments