
ന്യൂഡൽഹി: പഴയ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ആൻഡ്രോയിഡ് 5.0, 5.1 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ സെപ്റ്റംബർ 8 മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാനാകില്ല. പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത ഫോണുകളെയാണ് പ്രധാനമായും തീരുമാനം ബാധിക്കുക.
ആൻഡ്രോയിഡ് 5.0, 5.1 പതിപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതായി വാട്സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ വാട്സ്ആപ്പിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ആൻഡ്രോയിഡ് പതിപ്പ് 6.0 മാർഷ്മലോ ആയി. ആൻഡ്രോയിഡ് 6.0 മാർഷ്മലോയോ അതിന് ശേഷമുള്ള പതിപ്പുകളോ ഉള്ള ഫോണുകളിൽ മാത്രമേ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കൂ.
നിർമാതാക്കളിൽനിന്ന് വർഷങ്ങളായി സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭിക്കാത്ത പഴയ ഫോണുകളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത്. ഇന്ത്യ, ബ്രസീൽ, പാകിസ്താൻ, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിൽ ഇത്തരം ഫോണുകൾ ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ട്.
വാട്സ്ആപ്പ് തുടർന്നും ഉപയോഗിക്കണമെങ്കിൽ ഫോണിൽ ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പിലേക്കുള്ള അപ്ഡേറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന ഫോണുകളിൽ വാട്സ്ആപ്പ് തുടർന്നും ഉപയോഗിക്കാം. അപ്ഡേറ്റ് ലഭ്യമല്ലെങ്കിൽ ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുള്ള പുതിയ ഫോണിലേക്ക് മാറേണ്ടിവരും.







Comments