
നിമിഷനേരം കൊണ്ടാണ് സോഷ്യല് മീഡിയയില് പുതിയ ട്രെന്ഡുകള് സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പതിറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ച പ്രതീതിയിലാണ് സോഷ്യല് മീഡിയ. രാഷ്ട്രീയക്കാരും സിനിമാ താരങ്ങളും സാധാരണക്കാരുമടക്കം തങ്ങളുടെ എഐ നിർമ്മിത ‘1980 s റെട്രോ ലുക്ക്’ പങ്കിടുന്ന തിരക്കിലാണ്.
പഴയ ഫോട്ടോ ആൽബങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആനലോഗ് ക്യാമറ ഫ്രെയിമുകൾ, വാം കളർ ടോണുകൾ, പഴയ ഹെയർസ്റ്റൈലുകൾ, ബെൽബോട്ടം പാന്റുകൾ, പ്രിന്റഡ് ഷർട്ടുകൾ, ക്ലാസിക് സാരികൾ എന്നിങ്ങനെ 1980-കളിൽ എടുത്തതെന്ന് തോന്നിപ്പിക്കുന്ന വിന്റേജ് ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഓരോ ദിവസം കഴിയുന്തോറും ഈ ചിത്രങ്ങളിടുന്ന സെലിബ്രിറ്റികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ 80 കളിലെ റെട്രോ ലുക്ക് തരംഗത്തില് തന്റെ ചിത്രവും പങ്കിടുകയാണ് എണ്പതുകളിലെ ആക്ഷന് ഹീറോ ബാബു ആന്റണി. താരം പങ്കിട്ട ചിത്രത്തിനേക്കാള് അതിനു താഴെ നിറയുന്ന കമന്റുകളാണ് സോഷ്യല് മീഡിയ ഏറ്റെടുക്കുന്നത്.
‘‘90-കളിലെയും 2k-കളിലെയും ഫ്യൂഷൻ, ഒരു 2K ആരാധകൻ അയച്ചുതന്ന ചിത്രം. എന്റെ ചിത്രത്തിലേക്ക് അവളെത്തന്നെ ചേർക്കുന്നു. 2K-യിലും നിങ്ങളെല്ലാവരും എന്നെ മുറുകെ പിടിക്കുന്നതിൽ സന്തോഷം...’’ എന്ന ക്യാപ്ഷനൊപ്പമാണ് ബാബു ആന്റണി ചിത്രം പങ്കിട്ടത്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ 80-കളിൽ എടുത്ത യഥാർഥ വിന്റേജ് ചിത്രവും താരം പങ്കിട്ടിരുന്നു. ‘‘ചാറ്റ് ജിപിടിയുടെ സഹായമില്ലാതെ തന്നെ 80സ് ട്രെൻഡ്...’’ എന്ന് കുറിച്ചാണ് താരം ചിത്രം പങ്കിട്ടത്. 80-കളിലും 90-കളിലും തെന്നിന്ത്യൻ ആക്ഷൻ സിനിമകളിൽ തരംഗം സൃഷ്ടിച്ച ബാബു ആന്റണിക്ക് 80സ് ലുക്കിലേക്ക് മാറാന് താരത്തിന് ഒരു എഐയുടെയും ആവശ്യമില്ല.
തോളിനൊപ്പം വളർത്തിയ നീളൻ മുടിയും കൂളിംഗ് ഗ്ലാസും ലെതർ ജാക്കറ്റും കലിപ്പ് നോട്ടവുമായി റഫ് & ടഫ് ലുക്ക് മലയാളികളുടെ മുന്നിലേക്കെത്തിയ നടനാണ് ബാബു ആന്റണി. എണ്പതുകളുടെ സ്റ്റൈല് എന്ന് ഇന്ന് എഐ ആപ്പുകള് ഡിസൈൻ ചെയ്യുന്ന അതേ ലുക്ക്, അക്കാലത്ത് സിനിമയിലുടെ സ്വന്തം വ്യക്തിമുദ്രയാക്കി മാറ്റിയ ആളാണ് താരം. ബാബു ആന്റണിയുടെ അക്കാലത്തെ ഡ്രെസ്സിങ്ങും സ്റ്റൈലുമാണ് പല എഐ ചിത്രങ്ങളിലും കാണാന് കഴിയുന്നത്. അതുകൊണ്ടു തന്നെ രസകരമായ കമന്റുകള് പോസ്റ്റിനു താഴെ നിറയുന്നുമുണ്ട്.
‘ആല്ബത്തിലെ ഏതെങ്കിലും പഴയ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്താല് പോരായിരുന്നോ, ചേട്ടനെന്തിന് ചാറ്റ് ജിപിടി, ഈ ട്രെൻഡ് തന്നെ നിങ്ങളുടെ സ്വന്തമല്ലേ, ഇങ്ങള്ക്ക് ഒർജിനല് ഫോട്ടോ ഇട്ടാല് പോരെ ബാബുവേട്ടാ..., തലൈവാ, നിങ്ങളുടെ ബോഡിയിലാണ് ചാറ്റ് ജിപിടി ഞങ്ങളുടെയൊക്കെ തല വെട്ടിക്കേറ്റി 80’സ് ആക്കി വിടുന്നത്...’ എന്നതടക്കമാണ് കമന്റുകള്.
‘80-കളിൽ ഞാൻ എങ്ങനെയിരിക്കും?’ എന്ന ചോദ്യത്തോടെ തുടക്കമിട്ട '1980s ChatGPT Photo Trend' ഇപ്പോൾ വെറുമൊരു ഇൻഫ്ലുവൻസർ തരംഗം മാത്രമല്ല, ഇന്ത്യൻ സിനിമാ താരങ്ങളുടെയും മനം കവരുന്ന ട്രെൻഡായി മാറിയിരിക്കുന്നു.







Comments