
' പ്രേമലു' വിന് ശേഷം ' ബെത്ലഹേം കുടുംബ യൂണിറ്റി'ലെയും നടന് ശ്യാം മോഹന്റെ പ്രകടനം ആരാധകര് ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം മലയാളത്തില് കുറച്ച് നാളായി ഇടവേളയെടുത്തിരിക്കുകയാണ് ശ്യാം. തെലുങ്കില് രണ്ട് സിനിമകള് ചെയ്യുന്നതിനാലാണ് ശ്യാം മലയാളത്തില് നിന്നും വിട്ടുനിന്നത്. മലയാളത്തില് നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും തെലുങ്ക് പ്രൊജക്റ്റുകളെക്കുറിച്ചും മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില് ശ്യാം മനസ്സ് തുറക്കുന്നു. പ്രേമലുവിന് ശേഷം രണ്ട് ചിത്രങ്ങള് ചെയ്തിട്ടാണ് തെലുങ്കിലേക്ക് പോയതെന്ന് ശ്യാം വ്യക്തമാക്കുന്നു.
''പ്രേമലു കഴിഞ്ഞിട്ട് ഇവിടെ രണ്ട് പടം ചെയ്തിട്ട് തെലുങ്കില് പോയതിനാല് ഒരു ഗ്യാപ്പ് വന്നു. കുറേപ്പേര് എന്നോട് പറഞ്ഞു, അങ്ങനെ ചെയ്യരുതെന്ന്. മലയാളത്തില് ഇത്രയും ഇതായിട്ട് നിന്നിട്ട്, പെട്ടെന്ന് വാനിഷ് ആയാല് മലയാളത്തില് ആളുകള് മറക്കും. വിളിക്കുമ്പോള് നീ തെലുങ്ക് പടം ചെയ്യുകയാണെന്ന് പറഞ്ഞാല് ഓ ഇവന് വലിയ തെലുങ്ക് പടം ചെയ്യുന്നവന് എന്ന് പറയാന് തുടങ്ങും എന്ന് പറഞ്ഞു. പക്ഷെ ഞാന് തെലുങ്ക് കണ്ട് ചാടിപ്പോയതല്ല. ആ കഥാപാത്രം കേട്ടപ്പോള് ഭയങ്കര പരിപാടിയാണെന്ന് തോന്നിയിട്ടാണ് പോയത്'' ശ്യാം പറയുന്നു.
''ഇടയ്ക്ക് ഇവിടെ നല്ല സിനിമകള് വന്നിരുന്നു. ചിലതെങ്കിലും വിഷമത്തോടു കൂടി നോ പറയേണ്ടി വന്നിട്ടുണ്ട്. എന്നാല് അത്ര എക്സൈറ്റിങ് ആയിട്ടുള്ള പടങ്ങള് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാല് അങ്ങനേയും വന്നിട്ടില്ല. ലോകയില് ഒരു കഥാപാത്രം വന്നിരുന്നു. അത് വിഷമം തോന്നി. അത്രയും നല്ലൊരു സിനിമയുടെ ഭാഗമാകാന് സാധിക്കാതെ പോയത് നഷ്ടമായിപ്പോയി എന്ന് തോന്നിയിരുന്നു. ചന്തുവിന്റെ കഥാപാത്രമായിരുന്നു. ചന്തു അടിപൊളിയായി ചെയ്തിട്ടുണ്ട്'' എന്നും ശ്യാം പറയുന്നു.
''നന്നായി ചെയ്യാത്തത് എന്ന് തോന്നിയ സിനിമകളും വന്നിട്ടുണ്ട്. അത് അങ്ങനെയാണ്. ടൈമിങ് ശരിയാകണം. കുഴപ്പമില്ല. ഇപ്പോള് ഇത് വന്നതോടെ മലയാളത്തില് വീണ്ടും ആളുകളുടെ ഓര്മയിലേക്ക് കയറി വന്നിട്ടുണ്ട്. തെലുങ്കില് ചെയ്ത സിനിമയില് എനിക്ക് അത്യാവശ്യം ആത്മവിശ്വാസമുണ്ട്. നടന് എന്ന രീതിയില് പിഴിഞ്ഞെടുത്ത പടമാണ്. രണ്ട് സിനിമകളും അങ്ങനെയാണ്. സ്ഥിരം തെലുങ്ക് പടങ്ങളല്ല. രണ്ടിന്റേയും സംവിധായര് സെന്സിബിള് ആയവരാണ്. അവിടുത്തെ യുവതലമുറക്കാരാണ്. ആ സിനിമകളില് പ്രതീക്ഷയുണ്ട്'' എന്നും ശ്യാം പറയുന്നു.
തക്ഷകൊട് ആണ് ശ്യാമിന്റെ പുറത്തിറങ്ങാനുളള തെലുങ്ക് ചിത്രം. നടന് വിജയ് ദേവരക്കൊണ്ടയുടെ സഹോദരന് ആനന്ദ് ദേവരക്കൊണ്ടയാണ് ചിത്രത്തില് നായകനായി എത്തുന്നത്.







Comments