
മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചനായിരുന്നു തിലകന്. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത, പറയാനുള്ളത് മുഖത്തു നോക്കി പറയുന്ന, അതിന്റെ പേരിലുണ്ടാകുന്ന നഷ്ടങ്ങളെ ഒരു കൂസലുമില്ലാതെ നേരിടുന്ന, തന്റേടത്തിന്റെ മുഖമുദ്രയായിരുന്നു തിലകന്. ക്യാരക്ടര് റോളുകളായാലും വില്ലന് വേഷങ്ങളായാലും തന്റെ കൈയില് ഭദ്രമാണെന്ന് തിലകന് പലകുറി തെളിയിച്ചിട്ടുണ്ട്. അഭിനയമികവിലും തിലകന് പകരക്കാരനായി മലയാള സിനിമയില് ഇന്നുവരെ ആരുമുണ്ടായിട്ടില്ല.
വ്യക്തിജീവിതത്തിലും വലിയ വിമര്ശനങ്ങള് ഏറ്റുവാങ്ങിയിട്ടുള്ള തിലകന് രണ്ട് പങ്കാളികളാണ് ഉണ്ടായിരുന്നത്. രണ്ട് ഭാര്യമാര് ഉണ്ടായിരുന്നെങ്കിലും അവരെ ഞാന് നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് തിലകന് തന്നെ പറഞ്ഞിട്ടുണ്ട്. നടി ശാന്തയായിരുന്നു തിലകന്റെ ആദ്യ പങ്കാളി, അതില് താരങ്ങളായ ഷമ്മി തിലകനും ഷോബി തിലകനുമടക്കമുള്ള മക്കളും തിലകനുണ്ട്. സഹതാരമായി അഭിനയിച്ച സരോജവും തിലകന്റെ പങ്കാളിയായിരുന്നു. ഈ ബന്ധത്തിലും തിലകന് മൂന്ന് മക്കളുണ്ട്.
ഇപ്പോഴിതാ അച്ഛന്റെ പ്രണയ ബന്ധങ്ങൾ തുറന്ന് പറയുന്നതിലോ ഉൾക്കൊള്ളുന്നതിലോ തങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് പറയുകയാണ് മകനും നടനുമായ ഷോബി തിലകൻ. അത് ഒരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അതിനെ അങ്ങനെ തന്നെ മനസ്സിലാക്കാന് പറ്റിയെന്നും ഷോബി പറയുന്നു.
‘‘അച്ഛന്റെ പ്രണയങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഒരു മകനായി അതേ പക്വതയോടെ നിന്ന് ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അത് ഒരോരുത്തരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെ അങ്ങനെ തന്നെയാണ് ഞാൻ മനസിലാക്കിയത്. എന്റെ അച്ഛന് രണ്ട് ഭാര്യമാരിലായി ആറ് മക്കളുണ്ട്. അത് തുറന്ന് പറയുന്നതിലോ ഉൾക്കൊള്ളുന്നതിലോ ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
അത് പുള്ളിയുടെ രീതിയാണ്. പുള്ളിക്ക് അതായിരുന്നു താൽപര്യം. ജീവിത സാഹചര്യങ്ങളാണ്. പുള്ളി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. എന്റെ അമ്മയിൽ അച്ഛന് മൂന്ന് മക്കളാണ്. മറ്റേ അമ്മയിലും അച്ഛന് മൂന്ന് മക്കളുണ്ട്. അച്ഛന് ആറ് മക്കളുണ്ടെന്ന് പറയുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അത് നമ്മൾ ഉൾക്കൊണ്ടതാണ്.
എല്ലാ പക്വതയും ജീവിത സാഹചര്യങ്ങളിലൂടെ അച്ഛൻ ആർജ്ജിച്ച് എടുത്തതാണ്. മുപ്പത്തിയഞ്ച് കൊല്ലം നാടകത്തിൽ അഭിനയിച്ചശേഷമാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. ഒരു നാടക കലാകാരനെ സംബന്ധിച്ച് ജീവിതാനുഭവങ്ങൾ നിരവധിയുണ്ടാകും. ആ അനുഭവങ്ങളിലൂടെ പുള്ളിക്ക് സായത്വമായ പക്വതയാണ് നമ്മൾ കണ്ടത്. അത് എല്ലാവർക്കും കിട്ടുന്നതല്ല. അച്ഛനുമായി എനിക്ക് കോൺഫ്ലിക്ടുകൾ ഉണ്ടായിട്ടില്ല.
അച്ഛനും മകനും തമ്മിൽ കോൺഫിക്ടുകൾ ഉണ്ടാകണമെങ്കിൽ ഒരുപക്ഷെ അത് ചിലപ്പോൾ മകന്റെ പ്രണയത്തിന്റെ പേരിലോ ഐഡിയോളജിയുടെ പേരിലോ ആകും. എനിക്ക് എന്റെ ഭാര്യയുടെ പ്രപ്പോസൽ വന്നത് എന്റെ സുഹൃത്ത് മുഖേനയാണ്. ആലോചന എന്ന് വെച്ചാൽ ആ സുഹൃത്ത് വഴിയാണ് ഞാൻ അവളെ പരിചയപ്പെട്ടത്. പുള്ളിക്കാരിയെ ഞാൻ കണ്ടിട്ടില്ലായിരുന്നു.
ഫോണിലൂടെയാണ് ആദ്യമായി അവളുമായി ഞാൻ സംസാരിക്കുന്നത്. അതും ജഗദീഷിന്റെ ശബ്ദം ഇമിറ്റേറ്റ് ചെയ്താണ് ഞാൻ സംസാരിച്ചത്. അങ്ങനെയാണ് സൗഹൃദം ഉണ്ടാകുന്നതും അത് വിവാഹത്തിലേക്ക് എത്തുന്നതും. ഞാൻ അവളുടെ കാര്യം അച്ഛനോട് പറഞ്ഞപ്പോൾ നീ ആ പെൺകുട്ടിയെ കണ്ടോ?. കണ്ടിട്ടില്ലെങ്കിൽ പോയി കാണൂ. എന്നിട്ട് നമുക്ക് ആലോചിക്കാം എന്നായിരുന്നു അച്ഛന്റെ മറുപടി.
അതിനുശേഷമാണ് ഞാൻ ആദ്യമായി എന്റെ ഭാര്യയെ കാണുന്നത്. അതുവരെ കണ്ടിട്ടേയില്ലായിരുന്നു. ഫോണിലൂടെയുള്ള സംസാരം മാത്രമായിരുന്നു. അച്ഛൻ കമ്യൂണിസ്റ്റായിരുന്നു. പക്ഷെ എന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനം രണ്ടായി തിരിഞ്ഞുവോ അന്ന് മുതൽ പുള്ളി വോട്ട് ചെയ്യാൻ പോയിട്ടില്ല. അതിന് മുമ്പ് വരെ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി പോയി വോട്ട് ചെയ്തിട്ടുള്ള ആളായിരുന്നു അച്ഛൻ.
അതുപോലെ എന്ത് പ്രശ്നം വന്നാലും ദൈവമെ എന്ന് അച്ഛൻ ഉച്ഛരിക്കില്ല. അച്ഛൻ ഇന്നേവരെ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. പുള്ളിക്ക് ഈശ്വര വിശ്വസമില്ല. അതുകൊണ്ട് അമ്പലത്തിൽ പോവാറുമില്ല. പക്ഷെ ഷൂട്ടിങിന് വേണ്ടി ഒരുപാട് അമ്പലങ്ങളിൽ പോയിട്ടുണ്ട്. ഞാൻ പരമ ഭക്തനാണ്. അച്ഛന് അതിൽ പക്ഷെ എതിർപ്പില്ല. മക്കളെ ബഹുമാനമുള്ള അച്ഛനാണ്. പക്ഷെ പുന്നാരിപ്പിക്കൽ പരിപാടിയില്ല. ഉള്ളിൽ സ്നേഹമുണ്ട്... അതാണ് അച്ഛന്...’’ ഷോബി തിലകന് പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷോബി മനസ്സു തുറന്നു സംസാരിച്ചത്.







Comments