
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ തമിഴക വെട്രി കഴകം (ടിവികെ) ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 6ന് നടക്കുന്ന മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ടിവികെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മധുരാന്തകത്ത് കെ. മരഗതം കുമാരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കുക. പ്രധാന പ്രതിപക്ഷമായ ഡിഎംകെയുമായി നേരിട്ടുള്ള പോരാട്ടത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്. എഐഎഡിഎംകെയും മത്സരരംഗത്തുണ്ടാകുമെന്നതിനാൽ ഇരുസീറ്റുകളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത.
ഏപ്രിൽ 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥികളായി വിജയിച്ചവരാണ് മരഗതം കുമാരവേലും സത്യഭാമയും. പിന്നീട് എംഎൽഎ സ്ഥാനം രാജിവെച്ച് ഇരുവരും ടിവികെയിൽ ചേർന്നതോടെയാണ് മധുരാന്തകത്തും ധാരാപുരത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
നിലവിൽ ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് മരഗതം കുമാരവേൽ. സത്യഭാമ തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. മണ്ഡലങ്ങളിലെ വ്യക്തിപ്രഭാവവും വോട്ടുബാങ്കും മുതലാക്കിയാണ് ഇരുവരെയും ടിവികെ വീണ്ടും കളത്തിലിറക്കുന്നത്.







Comments