
ഒരു കാലത്ത് ബോളിവുഡിലെ ഫിറ്റ്നസ് നായികമാരില് മുൻനിരയിലുണ്ടായിരുന്ന താരമാണ് ബിപാഷ ബസു. ചുരുക്കം സിനിമകളിലൂടെ തന്നെ ബോളിവുഡിന്റെ ഹോട്ട് നായികയായി മാറിയ താരം കരൺ സിംഗ് ഗ്രോവറുമായി ഒരു വർഷത്തിലേറെക്കാലം പ്രണയത്തിലായിരുന്നു. കരണിനെ വിവാഹം ചെയ്ത ശേഷം താരം സിനിമയില് നിന്ന് ഇടവേളയെടുത്തു. മകള് ദേവി ബസു സിംഗ് ഗ്രോവർ ജനിച്ചതോടെ തീര്ത്തും കുടുംബിനിയായി മാറിയ താരം പക്ഷേ സോഷ്യല് മീഡിയയിലൂടെ എന്നും പ്രേക്ഷകരുമായി കണക്ടഡായിരുന്നു.
ഇപ്പോഴിതാ താന് വാങ്ങിയ ഒരു മില്ക്ക് പാക്കറ്റില് ചെറിയ പുഴുക്കളെ കണ്ടെന്ന വീഡിയോ ഇന്സ്റ്റഗ്രാം സ്റ്റോറിയായി പങ്കിടുകയാണ് ബിപാഷ ബസു. ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കലിനും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനത്തിനുമെതിരെ മഹാരാഷ്ട്രയിലെ എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ഡെയുടെ നേതൃത്വത്തിൽ കർശന നടപടികൾ തുടരുന്നതിനിടെയാണ് ബിപാഷ ബസുവിന്റെ ഇന്സ്റ്റഗ്രാം സ്റ്റോറി എത്തിയത്. ‘ഐസോപ്യൂർ’ പ്രോട്ടീൻ പൗഡറിന്റെ പുതുതായി തുറന്ന ഒരു പാക്കറ്റില് നിന്ന് ചെറിയ പുഴുക്കളെ കണ്ടെത്തിയെന്നാണ് താരം വീഡിയോയില് പറയുന്നത്.
‘‘ഈ ഐസോപ്യൂർ നിറയെ ചെറിയ പുഴുക്കളാണ്. വളരെ ചെറിയ പുഴുക്കൾ. ഞങ്ങൾ ഇപ്പോൾ തുറന്ന പുതിയ ഡബ്ബയാണിത്.. ഇതിനകത്ത് നിറയെ ഇത്തരം പുഴുക്കളാണ്, വളരെ ചെറിയ പുഴുക്കൾ...’’ എന്ന് പാക്കറ്റിലുള്ള വസ്തുവിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ബിഷാഷ പറയുന്നുണ്ട്. സ്വന്തം കൈവിരലില് എടുത്ത ആ ചെറിയ പുഴുവിനെ താരം വീഡിയോയില് കാണിക്കുന്നുമുണ്ട്. ഒപ്പം ‘‘തുക്കാറാം സാർ, അങ്ങ് മാത്രമാണ് ഞങ്ങളുടെ ഏക പ്രതീക്ഷ; ഞങ്ങൾ വാങ്ങുന്ന എല്ലാ സാധനങ്ങളിലും കേടുപാടുകളോ മായമോ കലരാതിരിക്കാൻ അങ്ങ് സഹായിക്കണം...’’ എന്നും ബിപാഷ സ്റ്റോറിയില് കുറിച്ചിട്ടുമുണ്ട്. മുണ്ഡെയെ നേരിട്ട് ടാഗ് ചെയ്താണ് ബിപാഷയുടെ പോസ്റ്റ്. ഉൽപ്പന്നത്തിനുള്ളിൽ ചെറിയ അന്യവസ്തുക്കൾ ഉള്ളതായി വീഡിയോയില് കാണാം, ആ വസ്തു പുഴുക്കളാണെന്ന് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പാക്കറ്റിനുള്ളിൽ യഥാർത്ഥത്തിൽ എന്താണുള്ളതെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നും സ്ഥിരീകരിക്കുന്നതിന് ഔദ്യോഗികമായ പരിശോധന ആവശ്യമാണ്.
മുന്പ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്ന് തനിക്ക് ലഭിച്ച ഓർഡറിൽ നിന്ന് ലഭിച്ചതെന്ന് പറയപ്പെടുന്ന ഒരു പാറ്റയുടെ വീഡിയോ അഭിനേത്രിയായ ശ്വേത തിവാരി പങ്കുവെച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന സാഹചര്യമാണിപ്പോള്. സംസ്ഥാനത്തുടനീളം മായംചേർക്കലിനും സുരക്ഷാ ലംഘനങ്ങൾക്കുമെതിരെ ആയിരക്കണക്കിന് പരിശോധനകൾക്കും നടപടികൾക്കും നേതൃത്വം നൽകിക്കൊണ്ട്, എഫ്ഡിഎ കമ്മീഷണർ തുക്കാറാം മുണ്ഡെയുടെ കീഴിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ കഴിഞ്ഞ മാസങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തിൽ സംസ്ഥാന എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റ മുണ്ഡെ, മായംചേർക്കൽ, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ, ശുചിത്വ ലംഘനങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടികള് സ്വീകരിക്കുന്നുണ്ട്. മുണ്ഡെയുടെ നേതൃത്വത്തിൽ എഫ്ഡിഎ 3,000-ത്തിലധികം റെയ്ഡുകൾ നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലൊന്നാണ് പാൽ മായംചേർക്കൽ. മായംചേർക്കലിനെതിരായ സംസ്ഥാനവ്യാപകമായ നടപടികളുടെ ഭാഗമായി, പാൽ സംഭരണ കേന്ദ്രങ്ങൾ, ചില്ലിംഗ് സെന്ററുകൾ, ഡയറികൾ, ഗതാഗതക്കാർ, വിതരണക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരുൾപ്പെടെയുള്ള പാൽ വിതരണ ശൃംഖലയിലുടനീളം മഹാരാഷ്ട്ര എഫ്ഡിഎ പരിശോധനകൾ നടത്തിയിട്ടുണ്ട്. കൃത്രിമ പാൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നേരത്തെയുള്ള അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. ഇത് പാലിന്റെ ഉൽപ്പാദനം, കൈകാര്യം ചെയ്യൽ, വിതരണം എന്നിവയിൽ കൂടുതൽ പരിശോധനകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഉത്സവകാലത്തേക്കും ഈ പരിശോധനാ നടപടികൾ വ്യാപിപ്പിച്ചിരിക്കുകയാണ്; ഗണേഷ് മണ്ഡലങ്ങളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ ചേരുവകൾ, അടുക്കളയിലെ ശുചിത്വം, സൂക്ഷിക്കുന്ന രീതി, കൈകാര്യം ചെയ്യുന്ന രീതി എന്നിവ പരിശോധിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾക്ക് എഫ്.ഡി.എ. പദ്ധതിയിട്ടിട്ടുണ്ട്.







Comments